ചാലിശ്ശേരി ഗവ.എൽ.പി സ്കൂൾ നൂറാം വാർഷിക നിറവിലേക്ക് ; സ്‌കൂൾ മുറ്റത്ത് കട്ട വിരിക്കൽ പുരോഗമിക്കുന്നു

ഒരു വർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനകീയ പിന്തുണയോടെ ചാലിശ്ശേരി ഗവ.എൽ.പി സ്കൂളിൽ മുറ്റം കട്ടവിരിക്കൽ പണികൾ തുടങ്ങി.

ഗ്രാമവാസികൾ, വ്യാപാരികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾ തുറക്കുന്നതിന് മുമ്പായി പണികൾ പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ബാലകൃഷ്ണൻ അറിയിച്ചു.

പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് നൽകിയിരുന്ന ഓഡിറ്റോറിയം കാലപ്പഴക്കത്തെ തുടർന്ന് അപകടാവസ്ഥയിലായതിനാൽ പഞ്ചായത്ത് അനുമതിയോടെ അത് പൊളിച്ചു മാറ്റിയാണ് സ്കൂൾ മുറ്റം ഒരുക്കുന്നത്. ഏകദേശം 3000 ചതുരശ്ര അടി സ്ഥലത്താണ് കട്ടവിരിക്കൽ നടക്കുന്നത്.

മുമ്പ് സ്കൂളിൽ പുതിയ കെട്ടിടത്തിന് തുക അനുവദിച്ചപ്പോൾ സ്ഥലപരിമിതി വലിയ വെല്ലുവിളിയായിരുന്നു. തുടർന്ന് നാട്ടുകാരിൽ നിന്ന് ഏകദേശം 20 ലക്ഷം രൂപ സമാഹരിച്ച് ആവശ്യമായ ഏഴ് സെന്റ് സ്ഥലം സ്വന്തമാക്കി. 

പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച രണ്ടുനില കെട്ടിടം ഫെബ്രുവരി 10ന് വിദ്യാലയത്തിന് സമർപ്പിച്ചിരുന്നു.

470 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ പഠന- പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.

സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് വി.എസ് ശിവാസ്, വൈസ് പ്രസിഡന്റ് അനീഷ് തോലത്ത്, കെ.കെ മുരളി, ഷറഫു, മുത്തു എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം