സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും മദിരാശി, കേരള നിയമസഭകളിൽ പൊന്നാനി, തൃത്താല മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിരുന്ന ഇ.ടി കുഞ്ഞൻ്റെ സ്മരണ നിലനിർത്തുന്നതിനായി തൃത്താലയിലും എടപ്പാളിലും സ്മാരകം വേണമെന്ന് സമത്വവാദ സംഘം ചെയർമാൻ എം.ടി ജയരാജൻ ആവശ്യപ്പെട്ടു.
ഇ.ടി കുഞ്ഞൻ്റെ വീട്ടിൽ, സംഘത്തിൻ്റെ അംഗത്വ വിതരണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത അദ്ദേഹം പഴയ പൊന്നാനി താലൂക്കിലെ നവോത്ഥാന സംഘടനയായ ഹരിജൻ സംഘത്തിന് രൂപം നൽകിയിരുന്നു. അതിൻ്റെ നേതൃത്വത്തിൽ കല്ലുമാല വിരുദ്ധ സമരം, ക്ഷേത്ര പ്രവേശന സമരം, മാറുമറക്കൽ സമരം തുടങ്ങിയവ സംഘടിപ്പിച്ചു.
ആദിദ്രാവിഡ വിഭാഗത്തിൽപ്പെട്ടവരെ സ്വാതന്ത്ര്യ സമരത്തിലും കർഷക കർഷകത്തൊഴിലാളി സമരങ്ങളിലും അണിനിരത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു. മൂന്നു തവണ നിയമ സഭാംഗമായി. ഇത്രയധികം ചരിത്ര പ്രാധാന്യമുണ്ടായിട്ടും പൊതു സമൂഹം ആ വിപ്ലവകാരിയെ അവഗണിക്കുകയായിരുന്നുവെന്ന് ജയരാജൻ പറഞ്ഞു.
സമത്വവാദ സംഘം ജനറൽ സെക്രട്ടറി കെ.നാരായണനിൽ നിന്നും ഇ.ടി കുഞ്ഞൻ്റെ മകൻ ഇ.ടി ചന്ദ്രൻ അംഗത്വം സ്വീകരിച്ചു. ഇ.ടി ധനലക്ഷ്മി, ഇ.ടി കാർത്ത്യായനി, പി.ഉഷ, ഇ.ടി സത്യഭാമ തുടങ്ങി നൂറോളം പേർ അംഗത്വമെടുത്തു. സുമേഷ് നിഹാരിക സ്വാഗതവും പ്രദീപ് കുറുപ്പത്ത് നന്ദിയും പറഞ്ഞു.
