കൊയിലാണ്ടിയിൽ 16 കാരൻ അദ്വൈതിൻ്റെ മരണത്തിനു പിറകെ ശ്രീകൃഷ്ണപുരത്തും വിഷുപ്പടക്കം യുവാവിൻ്റെ ജീവനെടുത്തു.
ശ്രീകൃഷ്‌ണപുരം രാഗം കോർണർ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. ഇന്നലെ (ബുധനാഴ്ച) രാത്രി എട്ടരയോടെയായിരുന്നു അപകടം.
ശ്രീകൃഷ്ണപുരത്തെ ക്ലബ് അംഗങ്ങൾക്കൊപ്പം വിഷു ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ദിലീപിന്റെ കൈവശം ഒന്നിലേറെ ഗുണ്ടുകൾ ഉണ്ടായിരുന്നു.
പടക്കം പൊട്ടിക്കുന്നതിനിടെ കൈയിൽ ചേർത്തുപിടിച്ചിരുന്ന ഗുണ്ടുകളിലേക്ക് അബദ്ധത്തിൽ തീ പടരുകയും അവ ഒന്നിച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ദിലീപിന് അതീവ ഗുരുതരമായി പൊള്ളലേറ്റു. അതോടൊപ്പം ഹൃദയാഘാതവും സംഭവിച്ചു എന്നാണ് മെഡിക്കൽ റിപ്പോർട്ട്.
അപകടം നടന്നയുടൻ തന്നെ ദിലീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്ഫോടനത്തെത്തുടർന്നുണ്ടായ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു.
