സി.പി.എം മണ്ണാരപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം കപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്ന ഇബ്രാഹിമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ 21 വർഷങ്ങൾക്കു ശേഷം അറസ്റ്റ് ചെയ്തു.
ഇബ്രാഹിമിൻ്റെ അയല്‍വാസി കപ്പൂര്‍ മണ്ണാരപ്പറമ്പ് മഠത്തിരുത്തി ഞാലിൽ നൗഫലാണ് 21 വർഷങ്ങൾക്ക് ശേഷം നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്നും പിടിയിലായത്.
കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പ്രതിക്കെതിരെ ചാലിശ്ശേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇയാളുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ നവാസിനെ വിചാരണ നടപടികള്‍ക്ക് ശേഷം ജീവപര്യന്തം ശിക്ഷിക്കുകയും ശിക്ഷ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തിരുന്നു. മറ്റൊരു പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
വിദേശത്ത് കഴിഞ്ഞിരുന്ന നൗഫൽ നാട്ടില്‍ വന്നുപോകുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. നാട്ടിലെത്തി തിരിച്ച് വിദേശത്തേക്ക് മടങ്ങവേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2005 മാർച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളും കൊല്ലപ്പെട്ട ഇബ്രാഹിമും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. തലക്കശ്ശേരി വേങ്ങശേരി ഉത്സവത്തിന് പോകുകയായിരുന്ന ഇബ്രാഹിമിനെ വഴിയില്‍ തടഞ്ഞ് വാഗ്വാദത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കൂടുതല്‍ നിയമ നടപടികള്‍ക്ക് വിധേയനാക്കുമെന്ന് പോലീസ് പറഞ്ഞു.
