ദേശമംഗലം കടുകശ്ശേരി തച്ചുക്കുന്ന് തച്ചോത്ത് വീട്ടിൽ സഫിയയെ (72) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ വെട്ടുകാട് വീട്ടിൽ ശരത്ത് (28) അറസ്റ്റിൽ.
ഞായറാഴ്ച വൈകുന്നേരമാണ് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തനിച്ചു താമസിക്കുന്ന സഫിയ തൊട്ടടുത്തുള്ള കുടുംബങ്ങളിൽപ്പെട്ട വീടുകളിലാണ് അന്തിയുറങ്ങാറുള്ളത്. എന്നാൽ രണ്ടു ദിവസമായി അവർ പതിവു വീടുകളിലൊന്നും എത്തിയിരുന്നില്ല.
ഞായർ രാത്രി 7 മണിയോടെ നാട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് വീട്ടിനുള്ളിൽ മരിച്ചു കിടക്കുന്ന നിലയിൽ കാണപ്പെട്ടത്.
അതേ സമയം സഫിയ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. തനിച്ചു താമസിച്ചിരുന്ന വയോധിക ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത് എന്നാണ് നാട്ടുകാർ ആദ്യം കരുതിയിരുന്നത്.
എന്നാൽ സ്വർണാഭരണങ്ങൾ കാണാതായതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പ്രതി സഫിയയുടെ സ്വർണാഭരണങ്ങൾ കവരുന്നതിനായി ഇവരുടെ വീടിന്റെ പിറകിലൂടെ അകത്തു കയറി ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഇതേത്തുടർന്നാണ് സഫിയ മരിച്ചത്. കവർന്നെടുത്ത സ്വർണാഭരണങ്ങൾ പ്രതി സ്വന്തം വീടിന്റെ കുളിമുറിയിൽ സൂക്ഷിക്കുകയായിരുന്നു. മൂന്നു സ്വർണ വളകളും ഒരു സ്വർണ മാലയുമാണ് കണ്ടെടുത്തത്. പ്രതി സഫിയയുടെ വീട്ടിൽ സഹായിയായി പതിവായി എത്താറുള്ളയാളാണ്.
കുന്നംകുളം എ.സി.പി മുരളീധരൻ, ചെറുതുരുത്തി ഇൻസ്പെക്ടർ ശശിധരൻ നായർ, എസ്.ഐ കെ.ആർ. ജസ്റ്റിൻ, എസ്.ഐ സതീഷ് കുമാർ, സീനിയർ സി.പി.ഒ വിനീത് മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
