എലപ്പുള്ളി ∙ പാലക്കാട് – പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് ബൈക്കിന് തീപിടിച്ച് സുഹൃത്തുക്കളായ 2 യുവാക്കൾക്കു ദാരുണാന്ത്യം.
എലപ്പുള്ളി മണിയേരിയിൽ വിഷ്ണു (25), പുതുശ്ശേരി മന്ദം സ്വദേശി കാർത്തിക് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെ എലപ്പുള്ളി പേട്ട ജംഗ്ഷന് സമീപമാണ് അപകടം. തീപിടിച്ച ബൈക്കിൽ നിന്ന് റോഡിലേക്കു തലയടിച്ചു വീണതാണ് മരണ കാരണം. ഇവരുടെ കാലിനും പൊള്ളലേറ്റിട്ടുണ്ട്.
ഇരുവരും എലപ്പുള്ളിയിൽ പശു ഫാം നടത്തിപ്പുകാരാണ്. ഫാമിലെത്തി കന്നുകാലികൾക്ക് തീറ്റ നൽകിയ ശേഷം തിരിച്ചു വീടുകളിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
പാലക്കാട് നിന്ന് ചരക്കുമായി പൊള്ളാച്ചിയിലേക്കു പോയ ലോറിയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയ ബൈക്കിന് തീപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്കും ലോറിയുടെ മുൻവശവും ഭാഗികമായി കത്തിനശിച്ചു. വിവരമറിഞ്ഞ ഉടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി പരുക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.
