കുമരനല്ലൂർ താഴത്തങ്ങാടി- നീലിയാട് റോഡ് നവീകരണ പ്രവൃത്തി വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചതായി തൃത്താല പി.ഡബ്ലു.ഡി അസിസ്റ്റൻ്റ് എഞ്ചിനിയർ സിന്ധു അറിയിച്ചു.
താഴത്തങ്ങാടി മുതൽ നീലിയാട് വരെയുള്ള റോഡ് നവീകരണ പ്രവൃത്തി അനിശ്ചിതത്തിലായതിനെ തുടർന്ന് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസറിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പൊതു മരാമത്ത് വകുപ്പ് അധികൃതരുമായി ചർച്ച നടത്തിയപ്പോഴാണ് എ.ഇ ഇക്കാര്യം അറിയിച്ചത്.
താഴത്തങ്ങാടി മുതൽ നീലിയാട് വരെയുള്ള റോഡിൽ ആറ് കൾവർട്ടുകളുടെ പണി പാതി വഴിയിലാണ്. ഇതു മൂലം കുമരനല്ലൂർ ടൗണിൽ ഗതാഗത കുരുക്ക് പതിവാണ്. മെറ്റലും മണ്ണം കൂടിക്കിടക്കുന്നതിനാൽ കാൽ നടയാത്രയും പ്രയാസമാണ്. രൂക്ഷമായ പൊടി ശല്യവുമുണ്ട്. കുമരനല്ലൂരിലേയും പരിസരങ്ങളിലേയും വ്യാപാരികളും വീട്ടുകാരും അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം തേടിയാണ് ജനപ്രതിനിധികൾ പൊതുമരാമത്ത് അധികൃതരെ സമീപിച്ചത്.
മുടങ്ങിയ കൾവർട്ടുകളുടെ പണിയോടൊപ്പം അഴുക്ക് ചാൽ നിർമ്മാണവും നടപ്പാത നിർമ്മാണവും പുനരാംഭിക്കാമെന്നും പഞ്ചായത്ത് അധികൃതർക്ക് എ.ഇ ഉറപ്പ് നൽകി. പ്രസിഡൻ്റ് നസീമ നാസറിന് പുറമെ വൈസ് പ്രസിഡൻ്റ് പി.രാജീവ്, അംഗങ്ങളായ അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ എന്നിവരാണ് അധികൃതരുമായി ചർച്ച നടത്തിയത്.
