ബന്ധുക്കളുടെ ശ്രദ്ധയ്ക്ക് : സുബ്രഹ്മണ്യൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലുണ്ട് !

ഒറ്റപ്പാലം പാലാട്ട് റോഡിൽ അവശനായി കിടന്നിരുന്ന വയോധികനെ സന്നദ്ധ പ്രവർത്തകർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രണ്ടു ദിവസമായി ആരാലും ശ്രദ്ധിക്കപ്പെടാതെ കൊട്ടാരം റോഡരികിൽ അവശനായി കിടന്നിരുന്ന സുബ്രഹ്മണ്യനെ (70) യാണ് സന്നദ്ധ പ്രവർത്തകൻ ഫ്രാൻസി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാക്കിയത്.

ഭക്ഷണം കഴിക്കാതെ തളർന്ന് അവശനായി റോഡരികിൽ കിടന്നിരുന്ന സുബ്രഹ്മണ്യന് ശ്വാസ സംബദ്ധമായ അസുഖമുണ്ട്. 

കഴിഞ്ഞ രണ്ടാഴ്ചയായി ഒറ്റപ്പാലത്തിൻ്റെ പല ഭാഗത്തുമായി ഇയാൾ അലഞ്ഞ് നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. വയോധികൻ അവശനായി കിടക്കുന്ന വിവരമറിഞ്ഞ് പാലാട്ട് റോഡിൽ നിന്ന് കൗൺസിലർ പ്രേമാവതിയാണ് ഫ്രാൻസിയെ വിളിച്ചത്. അതോടൊപ്പം ആശുപത്രി സൂപ്രണ്ട് ഡോ.പത്മനാഭനെയും കൗൺസിലർ വിളിച്ച് അഡ്മിഷൻ ഉറപ്പാക്കി.

പത്തു മിനിറ്റിനകം ഫ്രാൻസി ഓട്ടോയിൽ എത്തി. റോഡിൽ തളർന്ന് കിടന്നിരുന്ന സുബ്രഹ്മണ്യനെ എണീപ്പിച്ചിരുത്തി വസ്ത്രമെല്ലാം ശരിയാക്കി ആശുപത്രിയിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ ആദ്യം വിസമ്മതിച്ച വയോധികൻ പിന്നീട് ഫ്രാൻസിയുടെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സോടെ ഓട്ടോയിൽ കയറി.

കുളിക്കാത്തതുകൊണ്ടും വസ്ത്രം മുഷിഞ്ഞതു കൊണ്ടും ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു വയോധികൻ. ഒരു വിധം ഫ്രാൻസി സുബ്രഹ്മണ്യനെ ആശുപത്രിയിൽ എത്തിച്ചു. ബന്ധുക്കളെ കുറിച്ച് ചോദിച്ചപ്പോൾ സുബ്രമണ്യൻ ഒന്നും പറഞ്ഞില്ല. 

ഡോ.സൂരജിൻ്റെ നേതൃത്വത്തിൽ സുബ്രമണ്യന് അടിയന്തര ചികിത്സ നൽകി.  സുബ്രമണ്യൻ്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം നടത്തണമെന്ന് സൂപ്രണ്ട് ഡോ.എം.എസ് പത്മനാഭൻ അഭ്യർത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം