അപരഭയമില്ലാതെ ജനങ്ങൾ സമാധാനപരമായി ജീവിക്കുന്ന ഇടമായി കേരളത്തെ ഇനിയും നിലനിർത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തന്നെ തുടർന്നും അധികാരത്തിലെത്തണമെന്ന് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു.
തൃത്താല മണ്ഡലത്തിലെ കൊടിക്കുന്നിൽ നടന്ന 'ഒരു മഞ്ഞവെയിൽ സായാഹ്നം' എന്ന സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപരനെ ഭയപ്പെടുമ്പോൾ ജീവിതത്തിൽ സമാധാനം ഇല്ലാതാകുന്നു. വർഗീയ ശക്തികൾ കേരളത്തിലെ സമാധാനം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ആ ശ്രമങ്ങളെ ചെറുത്താണ് കേരളത്തെ സമാധാനമുള്ള ഇടമായി ഇടതുപക്ഷം നിലനിർത്തുന്നത്. ഈ തിരിച്ചറിവ് നഷ്ടപ്പെട്ടാൽ അത് അപകടമാണ്. പൊതു ഇടങ്ങളിലേക്ക് മനുഷ്യർ സജീവമായി ഇറങ്ങിവന്ന കാലമാണ് കേരളത്തിലെ കഴിഞ്ഞ 10 വർഷം. അതിന് കാരണം കേരളത്തിൽ നിലനിൽക്കുന്ന സമാധാനപരമായ അന്തരീഷമാണ്.
സ്ത്രീകളും വളരെ സുരക്ഷിതരായി പാതിരാത്രി പോലും പൊതു ഇടങ്ങളിലേക്ക് ഇറങ്ങിവരുന്നത് തങ്ങൾ സുരക്ഷിതരാണെന്ന ബോധം കൊണ്ടാണ്. എൽ.ഡി.എഫ് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിത്. സമാധാനമുള്ള ഇടമായി കേരളത്തെ തുടർന്നും നിലനിർത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തന്നെ തുടർന്നും അധികാരത്തിലെത്തണം. ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാൻ വലിയ ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത് അതിനെതിരെ ജാഗ്രത പുലർത്തുകയെന്നത് വളരെ പ്രധാനമാണ്.
2021ലെ തെരഞ്ഞെടുപ്പ് സമയത്തും തൃത്താലയിൽ വന്ന് ജനങ്ങളോട് സംസാരിച്ചിരുന്നു. എം.ബി രാജേഷിനെ വിജയിപ്പിച്ചാൽ അദ്ദേഹം മന്ത്രിയാവുമെന്ന് അന്ന് പറഞ്ഞിരുന്നു.
ആദ്യം നിയമസഭാ സ്പീക്കറാവുകയും തുടർന്ന് മന്ത്രിയാവുകയും ചെയ്ത എം.ബി രാജേഷ് തന്റെ സർഗ്ഗശേഷി കൊണ്ട് നിരവധി ഭരണ നേട്ടങ്ങൾക്ക് നേതൃത്വം നൽകി. കേരളത്തിൽ ശാസ്ത്രീയമായ മാലിന്യ പരിപാലനം നടത്തി വൃത്തിയാക്കാൻ വളരെ മികച്ച പ്രവർത്തനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. വലിയ മാലിന്യമലകളെ കളിസ്ഥലങ്ങളാക്കി മാറ്റിയെടുക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം കൊണ്ട് കഴിഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള യു.ഡി.എഫ് നേതാക്കൾ അതിനെ അഭിനന്ദിച്ചിട്ടുണ്ട്.
കെ-സ്മാർട്ട് വഴി സേവനം വിരൽത്തുമ്പിലൂടെ നൽകാൻ നടത്തിയ പ്രവർത്തനം വിപ്ലവകരമായിരുന്നു. എം.ബി രാജേഷിന്റെ സർഗ്ഗശേഷിയെ ജനങ്ങൾ സ്വീകരിച്ചതാണ് കണ്ടത്.
കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ നടന്ന വികസനം അത്ഭുതകരമാണ്. അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് വികസനത്തിലെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുന്നു എന്നതാണ്. വിഴിഞ്ഞം തുറമുഖം പോലുള്ള വൻകിട പദ്ധതികൾ യാഥാർഥ്യമാക്കുന്നതോടൊപ്പം 62 ലക്ഷം മനുഷ്യർക്ക് ക്ഷേമ പെൻഷൻ നൽകാനും സർക്കാർ തുല്യ പ്രാധാന്യം നൽകുന്നു.
ദേശീയ പാതയുടെ വികസനം ഉറപ്പു വരുത്തുന്നതോടൊപ്പം അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകാനും അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകാനും സർക്കാരിന് കഴിഞ്ഞു. സമൂഹത്തിലെ ഏറ്റവും അവസാനത്തെ ആളെയും ചേർത്തു പിടിക്കുന്ന ഈ വികസന സമീപനം വലിയ മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായതാണ്. സമാധാനപരമായ കേരളത്തെ നിലനിർത്താൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ചടങ്ങിൽ കെ.സി അലി ഇക്ബാൽ, ഡോ.പി.വി രാമൻ കുട്ടി, അഡ്വ.നിഷ വിജയകുമാർ, പ്രൊ. പി.ഗംഗാധരൻ, പി.കെ ചെല്ലുകുട്ടി, ടി.സുധാകരൻ എന്നിവർ സംസാരിച്ചു. ഡോ.ചന്ദ്രശേഖരൻ്റെ കവിതാലാപനവുമുണ്ടായി.
