പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര സ്വദേശി ചള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീനാഥ് (35) ആണ് കൊല്ലപ്പെട്ടത്. ഓട്ടിസം ബാധിച്ച ശ്രീനാഥ് കഴിഞ്ഞ മൂന്ന് മാസമായി ഈ സ്ഥാപനത്തിൽ അന്തേവാസിയാണ്.
ശ്രീനാഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ കെയർ ടേക്കറായ തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻ വീട്ടിൽ മഹേഷിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീനാഥിനെ ഇന്നലെയാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കിടെ ശ്രീനാഥിൻ്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.
തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് എച്ച്.ഒ.ഡി ഡോ.ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിലെ ദുരൂഹത പുറത്തുവന്നത്.
സ്പെഷ്യൽ സ്കൂളിലെ കെയർടേക്കർ ആയ പ്രതി മരണപ്പെട്ട ആളെ വടി കൊണ്ടും കൈകൊണ്ടും തല്ലിയതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് സംഭവിച്ച ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
ഇതിനെത്തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തിലെ കെയർ ടേക്കറായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പെക്ടർ ബിജോയ്, സബ് ഇൻസ്പെക്ടർ മാരായ ശിവശങ്കരൻ, വിവേക്, സെബി, സിവിൽ പോലീസ് ഓഫീസർമാരായ ഗിൽബർട്ട്, ശ്യാം, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
