മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അംഗീകാരം ലഭിച്ച സംവിധായകൻ ഫാസിൽ റസാഖിനെ അനുമോദിച്ചു.

റഷ്യയിൽ നടന്ന 48-ാമത് മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (MIFF) മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി മലയാള സിനിമയ്ക്ക് ചരിത്ര നേട്ടം സമ്മാനിച്ച ഫാസിൽ റസാഖിനെ പട്ടാമ്പിയിൽ ആദരിച്ചു. 

പട്ടാമ്പി സ്വദേശിയായ ഫാസിൽ റസാഖിന്റെ രണ്ടാമത്തെ ചിത്രമായ 'മോഹം' ആണ് ലോക സിനിമയിലെ തന്നെ ഉന്നതമായ അംഗീകാരം നേടിയത്. 

മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഫാസിൽ റസാഖിന് സ്നേഹാദരം അർപ്പിച്ചു.

മലയാള സിനിമയെ ആഗോള വേദിയിൽ അടയാളപ്പെടുത്തിയ ഫാസിൽ റസാഖിനെപ്പോലുള്ള പ്രതിഭകൾ പട്ടാമ്പിയുടെയും നാടിന്റെയും അഭിമാനമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.

മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാള സിനിമ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്നത്. 

ഈ വർഷം മേളയിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമയും 'മോഹം' ആയിരുന്നു. മികച്ച ചിത്രത്തിന് പുറമെ, ചിത്രത്തിലെ അഭിനയത്തിന് അമൃത കൃഷ്ണകുമാർ മികച്ച നടിക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി.  

നേരത്തെ IFFKയിൽ മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്‌പാക് പുരസ്‌കാരം, ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മികച്ച രണ്ടാമത്തെ ഇന്ത്യൻ സിനിമ, മികച്ച സംവിധായകനുള്ള മോഹൻ സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്.

പട്ടാമ്പിയിൽ നടന്ന ചടങ്ങിൽ എ.എൻ നീരജ്, പി.വി. രതീഷ്, ടി.ഷാജി എന്നിവർ സംസാരിച്ചു. ഫാസിൽ റസാഖിന്റെ മറുപടി പ്രസംഗത്തിന് ശേഷം അശ്വതി നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം