തൃത്താലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം.ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മണ്ഡലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നു.
കഴിഞ്ഞ അഞ്ച് വർഷം തൃത്താലയെ സംബന്ധിച്ച് വികസനത്തിൻ്റെ സുവർണ്ണ കാലമായിരുന്നുവെന്നും 577 പദ്ധതികളിലായി 1152.5 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കിയതിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് സമർപ്പിച്ച ശേഷമാണ് അടുത്ത അഞ്ചു വർഷത്തെ പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കിയതെന്നും ആമുഖമായി പറഞ്ഞു കൊണ്ടാണ് പ്രകടന പത്രിക തുടങ്ങുന്നത്.
കൃഷി, ആയുർവേദം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, ഉന്നതികളുടെ വികസനം, വനിതാ ക്ഷേമം, വയോജന ക്ഷേമം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകുന്ന പ്രകടനപത്രിക അഞ്ച് വർഷത്തേക്കുള്ള വികസിത തൃത്താലയെയാണ് വിഭാവനം ചെയ്യുന്നത്.
കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് അർഹമായ മൂല്യവും വിപണിയും ഉറപ്പുവരുത്തുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. തൃത്താലക്ക് സ്വന്തമായി റൈസ് മില്ലും സംഭരണ കേന്ദ്രവും സ്ഥാപിച്ച് ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ മോചിപ്പിക്കും. പൊതു, സഹകരണ മേഖലകളുടെ സാധ്യതകളും അഗ്രികൾച്ചർ ഇൻഫ്രാസ്‌ട്രക്‌ചർ ഫണ്ടും ഉപയോഗിച്ചാകും റൈസ് മിൽ സ്ഥാപിക്കുക.
മണ്ണ് പരിശോധന കിയോസ്കുകൾ, ഡ്രോൺ വഴിയുള്ള കീടനിയന്ത്രണം, ഹൈഡ്രോപോണിക്സ് പരിശീലനം, സീഡ് ബാങ്ക് എന്നിവ ഉൾപ്പെടുന്ന അഗ്രി ടെക് കോർണർ ആരംഭിക്കും. ഇതിനകം ഹിറ്റായ മങ്ങാരം മട്ട ബ്രാൻഡിന്റെ മാതൃകയിൽ അരി, വെളിച്ചെണ്ണ, ഔഷധ സസ്യങ്ങൾ എന്നിവ തൃത്താല ബ്രാൻഡിങ്ങിൽ പുറത്തിറക്കും. മിനി ഡയറികൾ, ഡയറി സ്റ്റാർട്ടപ്പുകൾ തുടങ്ങിയ സംരംഭങ്ങൾ സംയോജിപ്പിച്ച് ക്ഷീര മേഖലയിൽ സ്വയംപര്യാപ്തതയും വരുമാന വർധനവും ഉറപ്പാക്കും. കർഷകർക്കായി കോൾഡ് സ്റ്റോറേജ്, കർഷക വിപണി, കുടുംബശ്രീ പച്ചക്കറി കിയോസ്കുകൾ എന്നിവ സ്ഥാപിക്കും.
ലോക ശ്രദ്ധ നേടിയ സുസ്ഥിര തൃത്താല പദ്ധതി തുടരും. കൂടുതൽ പൊതു കുളങ്ങൾ നവീകരിക്കും. പരമാവധി സർക്കാർ കെട്ടിടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കും.
നിളയുടെ പൈതൃകം ഉപയോഗപ്പെടുത്തി ടൂറിസം മേഖല വികസിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. പൈതൃക വിനോദസഞ്ചാര മേഖലകളെ സംയോജിപ്പിച്ച് പ്രാദേശിക ജനതക്ക് വരുമാനസ്രോതസ് ഉണ്ടാക്കും. വെള്ളിയാങ്കല്ല്, ഭാരതപ്പുഴയുടെ തീരം, കായലുകൾ എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് വികസിപ്പിക്കും.
നിലവിലെ പട്ടിക്കായൽ, വെള്ളിയാങ്കല്ല്, ചാഞ്ചേരിപ്പറമ്പ് ടൂറിസം പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും. കാങ്കപ്പുഴയും പട്ടാമ്പി പാലവും നൈറ്റ് ടൂറിസം ഡെസ്റ്റിനേഷനുകളാക്കി മാറ്റും. തൃത്താലയിലെ പൂരങ്ങൾ, ഉത്സവങ്ങൾ എന്നിവ സംബന്ധിച്ച് സഞ്ചാരികൾക്കായി സമഗ്ര ഡിജിറ്റൽ ഡയറക്ടറി തയാറാക്കും. വൻകിട റിസോർട്ടുകൾക്ക് പകരം ഹോംസ്റ്റേ പോലുള്ള സംവിധാനങ്ങൾ വികസിപ്പിക്കും.
തദ്ദേശ ജനതക്ക് ഇതിൽ ആവശ്യമായ പരിശീലനം നൽകും. തൃത്താല ബ്രാൻഡിങ്ങിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും പ്രവാസികൾ വഴിയും വിപണി കണ്ടെത്തും.
ആയുർവേദത്തിന്റെ സാധ്യതകൾ വികസിപ്പിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ആയുർവേദ പാർക്ക് സ്ഥാപിക്കും. വിപുലമായ ഔഷധ സസ്യ തോട്ടങ്ങൾ, ആയുർവേദ ഉല്പന്നങ്ങൾ നിർമ്മിക്കാനും പ്രോസസ് ചെയ്യാനുമുള്ള ആധുനിക സൗകര്യങ്ങൾ എന്നിവ ഇവിടെ ഉണ്ടാകും. ഹോം സ്റ്റേകളുമായി ബന്ധിപ്പിച്ച് ആയുർവേദ വെൽനെസ്സ് കോറിഡോറും സൃഷ്ടിക്കും. ഇതുവഴി നിരവധി പുതിയ തൊഴിലവസരങ്ങളുണ്ടാകും
ഓരോ വീട്ടിലും കുടിവെള്ളമെത്തിക്കാൻ സമഗ്ര കുടിവെള്ള പദ്ധതികൾ നടപ്പാക്കും. നാല് പഞ്ചായത്തുകൾക്കായി 33 എം.എൽ.ഡി ജലശുദ്ധീകരണ പ്ലാന്റ, അനുബന്ധ പമ്പിങ് മെയിനുകൾ എന്നിവയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം യാഥാർഥ്യമാക്കും. പട്ടിത്തറ, കപ്പൂർ, ആനക്കര പഞ്ചായത്തുകളിൽ 53 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പാക്കും.
മുടവന്നൂരിൽ ഗവ.നഴ്സിംഗ് കോളേജിനും വാവന്നൂരിൽ ഗവ.ഐ.ടി.ഐക്കും അത്യാധുനിക സൗകര്യങ്ങളോടെ സ്വന്തം കെട്ടിടം നിർമ്മിക്കും. എല്ലാ സ്‌കൂളുകളിലും സ്മാർട്ട് കിച്ചണുകൾ സ്ഥാപിക്കും. മികച്ച തൊഴിൽ നേടാൻ ഹൈബ്രിഡ് കോച്ചിങ് സംവിധാനം നടപ്പാക്കും. നാട്ടിലിരുന്ന് ജോലി ചെയ്യാൻ വർക്ക് നീയർ ഹോം കേന്ദ്രങ്ങളും ജോബ് ഡെസ്കും സ്ഥാപിക്കും. പ്രത്യേക ജോബ് പ്ലേസ്മെന്റ് ഡെസ്ക് തൃത്താലയിൽ ആരംഭിക്കും.
വിപുലമായ ഡയാലിസിസ് സൗകര്യങ്ങൾ ചാലിശ്ശേരി ആശുപത്രിയിൽ ഏർപ്പെടുത്തും. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ തൃത്താലയിൽ നിന്നുള്ളവർക്ക് ആരോഗ്യ സേവനം ലഭ്യമാക്കും.
എല്ലാ പി.എച്ച്.സികളും ബഡ്‌സ് സ്‌കൂളുകളും നവീകരിക്കും. തൃത്താല മോഡൽ ഹെൽത്ത് എക്കോ സിസ്റ്റം വികസിപ്പിക്കും. വയോജനങ്ങൾക്ക് ഒത്തുകൂടാൻ തണലിടം ഓപ്പൺ സ്പേസ് സ്ഥാപിക്കും. വയോജനങ്ങളുടെ അറിവുകൾ പുതു തലമുറയ്ക്ക് പകർന്നു നൽകാൻ വിസ്‌ഡം എക്സ്ചേഞ്ചുകൾ സ്ഥാപിക്കും. നിലവിലെ കെട്ടിടങ്ങൾ പ്രയോജനപ്പെടുത്തി ആക്റ്റീവ് ഏജിങ് നെറ്റ്‌വർക്ക് എട്ട് പഞ്ചായത്തുകളിലും സ്ഥാപിക്കും.
വനിതകളുടെ സംരംഭക ശേഷി വർധിപ്പിക്കാനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കും. കുടുംബശ്രീ കഫേകൾ തൃത്താലയിൽ ആരംഭിക്കും. നിലവിലെ സംരംഭങ്ങളുടെ ക്ലസ്റ്ററിങ്ങും ബ്രാൻഡിങ്ങും നടപ്പാക്കും. എട്ട് പഞ്ചായത്തുകളിലും ഷീ ജിമ്മുകൾ സ്ഥാപിക്കും.
തൃത്താലയിലെ 450ൽ പരം ഉന്നതികളുടെ സമഗ്ര അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതി നടപ്പാക്കും. ഓരോ ഉന്നതിക്കും മൈക്രോ പ്ലാനുകൾ ആവിഷ്കരിച്ച് പദ്ധതി നടപ്പാക്കും. ഉന്നതികളിലെ വിദ്യാർത്ഥികൾക്ക് മികച്ച ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ഹെല്പ് ഡെസ്കുകൾ സ്ഥാപിക്കും.
26.2 കോടി രൂപ ചെലവിൽ കൂറ്റനാട് ജംഗ്‌ഷൻ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കും. എട്ട് പഞ്ചായത്തുകളിലായി അഞ്ച് വർഷം കൊണ്ട് 160 ഗ്രാമീണ റോഡുകൾ നിർമ്മിക്കും. കരിയന്നൂർ മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കും.
പടിഞ്ഞാറങ്ങാടി, ആറങ്ങോട്ടുകര ജങ്ഷനുകളുടെ നവീകരണം പൂർത്തിയാക്കുകയും തൃത്താല, കറുകപുത്തൂർ, കുമരനെല്ലൂർ ജംഗ്‌ഷനുകൾ നവീകരിക്കുകയും ചെയ്യും. 128 കോടി രൂപ ചെലവിൽ കുമ്പിടി- കുറ്റിപ്പുറം കിഫ്‌ബി റോഡിന്റെ നിർമ്മാണം ആദ്യത്തെ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. നിർമ്മാണത്തിലിരിക്കുന്ന തൃത്താല സ്പോർട്സ് കോംപ്ലക്സ് ഉടൻ പൂർത്തിയാക്കും. നാഗലശ്ശേരിയിലും ആധുനിക സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കും. സ്ഥലം ലഭ്യമാകുന്ന എല്ലാ പഞ്ചായത്തുകളിലും സ്പോർട്സ് കോംപ്ലക്സുകൾ സ്ഥാപിക്കും. ലോക കപ്പ് ഫുട്ബോൾ മത്സരങ്ങൾ ജനങ്ങൾക്ക് ഒന്നിച്ചിരുന്ന് കാണാൻ വലിയ സ്‌ക്രീൻ സൗകര്യം ഒരുക്കും.
പ്രവാസികളുടെ അറിവും അനുഭവ സമ്പത്തും നിക്ഷേപങ്ങളും നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താൻ തൃത്താല ഇൻവെസ്റ്റ്മെന്റ് കോറിഡോർ സ്ഥാപിക്കും.
സരസ് മേളയുടെ മാതൃകയിൽ വാർഷിക ഹാപ്പിനെസ് ഫെസ്റ്റിവലുകൾ നടത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു. വികസനം പറഞ്ഞു കൊണ്ടാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്നും മാറ്റമറിഞ്ഞ തൃത്താലക്കാലം തുടരുമെന്നും എം.ബി രാജേഷ് പറഞ്ഞു.
