പാലക്കാട് വാളയാർ ആൾക്കൂട്ട കൊലപാതക കേസിലെ ആറാം പ്രതി ജീവനൊടുക്കി.

വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന കേസിലെ ആറാം പ്രതിയാണ് ഇന്ന് രാവിലെ ജീവനൊടുക്കിയത്.

കിഴക്കേ അട്ടപ്പള്ളം സ്വദേശി വിനോദ് കുമാറിനെ (54) ആണ് വീടിന് സമീപത്തെ വളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഡിസംബർ 17ന് കിഴക്കേ അട്ടപ്പള്ളത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് ആൾക്കൂട്ട വേട്ടയ്ക്കിരയായത്. 

കേസിൽ ആകെ ഒമ്പത് പേരാണ് അറസ്റ്റിലായത്.  20 പ്രതികളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തിയത്.

ഈ കേസിൽ നേരത്തെ മണ്ണാർക്കാട് സ്പെഷൽ കോടതി വിനോദ്കുമാറിന് ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി ഇത് പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. കേസിലെ മറ്റ് എട്ട് പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. ഇവർ നിലവിൽ റിമാൻ്റിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം