നടുവട്ടം രായിരനെല്ലൂർ ക്ഷേത്രത്തിന് സമീപത്തെ ഗോപുര നടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
നാല് ദിവസത്തോളം പ്രായമുള്ള ചോരക്കുഞ്ഞിനെ ഇന്ന് രാവിലെ അഞ്ച് മണിയോടെ പ്രഭാത നടത്തത്തിന് എത്തിയവരാണ് ആദ്യം കണ്ടത്.
സുമാർ രണ്ട് കിലോ തൂക്കം വരുന്ന ആൺകുട്ടിയാണ്. വിവരമറിഞ്ഞ് ക്ഷേത്ര ഭാരവാഹികളും കൊപ്പം പോലിസും സ്ഥലത്തെത്തി.
കൊപ്പം പോലീസ് ആദ്യം കുട്ടിയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ അമ്മയെ കണ്ടെത്താൻ കൊപ്പം പോലീസ് അന്വേഷണം തുടങ്ങി. തെരുവ് നായ്ക്കളുടേയും കാട്ടുപന്നികളുടേയും കണ്ണിൽ പെടാതിരുന്നതിനാൽ ചോരക്കുഞ്ഞ് ആരോഗ്യവാനാണ്.
പറയി പെറ്റ പന്തിരുകുലത്തിലെ പ്രമുഖനായ നാറാണത്തു ഭ്രാന്തൻ്റെ സ്മരണകളുമായി തുലാം ഒന്നിന് പതിനായിരങ്ങൾ ദർശന പുണ്യം തേടിയെത്തുന്ന ദുർഗാദേവി ക്ഷേത്രനടയിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച് 'അമ്മ' കടന്നു കളഞ്ഞത്.
