സംസ്ഥാനത്ത് ചൂടിനൊപ്പം അൾട്രാ വയലറ്റ് (യു.വി) തരംഗങ്ങളുടെ സൂചിക ഉയരുന്നതിനാൽ തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും യു.വി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന അൾട്രാ വയലറ്റ് സൂചിക എട്ടിടങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി), കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിർദ്ദേശത്തിൻ്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
ഇത് പ്രകാരം ജനങ്ങൾ ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അൾട്രാ വയലറ്റ് സൂചിക അനുസരിച്ച് എട്ടു മുതൽ പത്തുവരെയാണ് ഓറഞ്ച് അലർട്ടിന്റെ പരിധിയിൽ വരുന്നത്.
കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ധർമ്മടം (കണ്ണൂർ), ഉദുമ (കാസർകോട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സൂര്യരശ്മികൾ
തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് അൾട്രാ വയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത്. അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗത മേഖലയിലുള്ളവർ, ബൈക്ക് യാത്രക്കാർ എന്നിവർ പ്രത്യേക മുൻകരുതൽ സ്വീകരിക്കണം. കൂടാതെ ചർമരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പകൽ പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും ശരീരം പൂർണ്ണമായും മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ഉചിതമായിരിക്കുമെന്നും നിർദ്ദേശമുണ്ട്.
മലമ്പ്രദേശങ്ങളിലും ഉഷ്‌ണമേഖലാ പ്രദേശങ്ങളിലും സാധാരണയായി യു.വി സൂചിക കൂടുതലായിരിക്കും. ആകാശം തെളിഞ്ഞതാണെങ്കിലും രശ്‌മികളുടെ ആഘാതം കുറയണമെന്നില്ല. ജലാശയങ്ങൾ, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്‌മികളെ പ്രതിഫലിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം ഇടങ്ങളിലുള്ളവർ കൂടുതൽ ശ്രദ്ധിക്കണം.
