സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാന തല ക്യാമ്പ് 20ന് വെങ്ങാനൂരിൽ; കേരള ഗവർണർ ഉദ്‌ഘാടനം ചെയ്യും.

സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനായുള്ള സംസ്ഥാന പോലീസിന്റെ  അഭിമാന പദ്ധതിയായ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ   സംസ്ഥാനതല വാർഷിക സഹവാസ ക്യാമ്പ്  'ഐക്യ  2026' ഉദ്‌ഘാടനം മെയ് 20 വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.  കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം നിർവഹിക്കും.

ജൻഡർ ഇൻക്ലൂസിവിറ്റി അഥവാ 'ലിംഗസമത്വം' എന്നതാണ് ഇത്തവണത്തെ ക്യാമ്പിന്റെ പ്രധാന വിഷയം. സംസ്ഥാനത്തെ  വിവിധ ജില്ലകളിലെ സ്റുഡന്റ് പോലീസ് കേഡറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 939 കേഡറ്റുകൾ ആറു നാൾ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കും.

എം.വിൻസെൻ്റ് എം.എൽ.എ, ഡെപ്യൂട്ടി മേയർ  ജി.എസ് ആശാനാഥ്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പോലീസ് ആസ്ഥാന എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ഐ.ജി എസ്.അജീത ബീഗം, വനിതാ ശിശു വികസന  വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമിള മേരി ജോസഫ് എന്നിവർ   പങ്കെടുക്കും.

കൊല്ലം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ (107) ക്യാമ്പിൽ പങ്കെടുക്കുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ള പ്രാതിനിധ്യം ഇപ്രകാരമാണ് തിരുവനന്തപുരം 103, പത്തനംതിട്ട 31, ആലപ്പുഴ 51, കോട്ടയം 44, എറണാകുളം 62, ഇടുക്കി 48, തൃശൂർ 76, മലപ്പുറം 91, പാലക്കാട് 65, കോഴിക്കോട് 91, വയനാട് 43, കണ്ണൂർ  82, കാസർഗോഡ്  43.

ക്യാമ്പിൻ്റെ വിവിധ സെഷനുകളിലായി സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരുമായി കേഡറ്റുകൾ സംവദിക്കും. 

കൂടാതെ വനിതാ ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ജെൻഡർ ഇൻക്ലൂസിവിറ്റി സെഷൻ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, പി.ടി പരേഡ്, ഫീൽഡ് വിസിറ്റ്, ഇൻഡോർ, ഔട്ട് ഡോർ ക്ലാസുകൾ, സൂമ്പാ, യോഗ എന്നിവയും ക്യാമ്പിൻ്റെ ഭാഗമായി നടക്കും.

ആറു ദിവസം നീണ്ടു നിൽക്കുന്ന റെസിഡൻഷ്യൽ ക്യാമ്പ് 25ന് തിങ്കളാഴ്ച വർണശബളമായ പരേഡോടുകൂടി സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം