സമസ്ത നൂറാം വാർഷികം; തൃത്താല സോൺ സെന്റിനറി അസംബ്ലി മെയ് 8ന്. ​

അറിവിൻ്റെയും ആദർശത്തിൻ്റെയും ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൃത്താല സോൺ സെന്റിനറി അസംബ്ലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ് എട്ടിന് വെള്ളിയാഴ്ച 3 മണിക്ക് തൃത്താല ലൂസൈൽ പാലസിൽ  വെച്ചാണ് സംഗമം നടക്കുന്നത്. 1926-ൽ സ്ഥാപിതമായ കാലം മുതൽ പാരമ്പര്യ ഇസ്‌ലാമിക പണ്ഡിതർ കാണിച്ചുതന്ന ഉന്നതമായ ആദർശങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശതാബ്ദി ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

​വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പദ്ധതികളാണ് മേഖലയിൽ നടപ്പിലാക്കുന്നത്. സോൺ തലത്തിൽ നടക്കുന്ന സെന്റിനറി അസംബ്ലിക്ക് മുന്നോടിയായും ശേഷവുമായി സർക്കിൾ തലങ്ങളിൽ സെന്റിനറി സമ്മിറ്റുകൾ സംഘടിപ്പിക്കും. 

താഴെത്തട്ടിലുള്ള ശാഖാ കേന്ദ്രങ്ങളിൽ വിവിധങ്ങളായ പ്രചാരണ പരിപാടികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. കുടുംബ സംഗമങ്ങൾ, പതാക ദിനം, ലഘുലേഖാ വിതരണം എന്നിവ വഴി സമസ്തയുടെ സന്ദേശം ഓരോ വീടുകളിലും എത്തിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.

​മേൽഘടകങ്ങളുടെ നിർദ്ദേശ പ്രകാരം വിവിധ പോഷക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ സെന്റിനറി അസംബ്ലി നടക്കുന്നത്.  പണ്ഡിതന്മാരും സയ്യിദുമാരും ഉന്നത സംഘടനാ നേതാക്കളും സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കും.

സമസ്തയുടെ നൂറാം വാർഷികം ചരിത്രപരമായ വിജയമാക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സോൺ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.പി. അബ്ദുൽ കരീം സഖാഫി, ട്രഷറർ മുഹമ്മദ് കോയ, എസ് വൈ എസ് പാലക്കാട് ജില്ല വൈസ് പ്രസിഡന്റ്  ജലീൽ അഹ്സനി ആലൂർ, നസീർ സലഫി, അബ്ദുൽ ഖാദർ മണ്ണാറപറമ്പ്, സൈനുദ്ദീൻ ഒതളൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം