98 68 91 99 35
തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും എന്ന FB പോസ്റ്റ് ആണ് ഇപ്പോൾ ഏറെ ചർച്ചയാവുന്നത്. ജനവരി 7നാണ് വി.ടി ബൽറാം പ്രവചനാത്മകമായ ഈ പോസ്റ്റിട്ടത്.
ഇടതുമുന്നണി കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേടിയ സീറ്റുകളുടെ എണ്ണവും ഏറ്റവുമൊടുവിൽ 2026ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടാൻ സാധ്യതയുള്ള സീറ്റുകളുടെ എണ്ണത്തിൽ തൻ്റെ പ്രവചനവും ചേർത്തായിരുന്നു ആ പോസ്റ്റ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സി.പി.എം നയിക്കുന്ന ഇടതുമുന്നണി നേടിയ 98, 68, 91, 99 എന്നീ സീറ്റ് നിലയുടെ തുടർച്ചയായി ഇക്കുറി 35 സീറ്റേ എൽ.ഡി.എഫ് നേടൂ എന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു പോസ്റ്റ്.
കഴിഞ്ഞ ദിവസം നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവന്നതോടെയാണ് പഴയ പോസ്റ്റ് വീണ്ടും ചർച്ചയായത്. ഇടതുപക്ഷത്തിൻ്റെ സീറ്റ്നില ബൽറാം പ്രവചിച്ച 35ൽ ഒതുങ്ങിയതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വിസ്മയമായത്.
വിസ്‌മയങ്ങൾ പലതും സംഭവിക്കും എന്ന് വി.ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. അക്കൂട്ടത്തിൽ ഇപ്പോൾ വി.ടി ബൽറാമിൻ്റെ FB പോസ്റ്റും വിസ്മയമായിട്ടുണ്ട്.
എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിടുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞിരുന്നുവെങ്കിലും, ഇത്രയും കൃത്യമായ ഒരു സംഖ്യ ബൽറാം എങ്ങനെ കുറിച്ചു എന്നതാണ് ഏവരും ചോദിക്കുന്നത്.
തൃത്താലയിൽ നിന്ന് 2011 ലും 2016 ലും തെരഞ്ഞെടുക്കപ്പെട്ട വി.ടി ബൽറാം 2021 ലെ തെരഞ്ഞെടുപ്പിലാണ് പരാജയപ്പെട്ടത്.
രണ്ടുതവണ എം.പി ആയിരുന്ന എം.ബി. രാജേഷാണ് അന്ന് വിജയിച്ചതെങ്കിൽ സ്പീക്കററായും മന്ത്രിയായും തിളങ്ങിയ എം.ബി രാജേഷിനെ പരാജയപ്പെടുത്തിയാണ് മൂന്നാമതും വി.ടി ബൽറാം നിയമ സഭയിലെത്തുന്നത്.
വി.ടി ബൽറാം 8,385 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. നാല് മാസം മുമ്പ് തുടങ്ങിയ പ്രഭാത സവാരി വലിയ ജനസമ്പർക്ക പരിപാടിയായി മാറിയതാണ് ബൽറാമിന് നേട്ടമായത്. ഇപ്പോൾ വിക്ടറി വാക്ക് എന്ന നിലയിൽ ജനസമ്പർക്കം തുടരുകയാണ്.
