ചെർപ്പുളശ്ശേരിയിൽ ഗതാഗത പരിഷ്കാരം; പഴയ ബസ് സ്റ്റാൻ്റ് മെയ് 9 മുതൽ അടയ്ക്കും

ചെർപ്പുളശ്ശേരിയിലെ പഴയ ബസ് സ്റ്റാൻ്റ് കെട്ടിടം ജീർണ്ണിച്ചതിനാൽ പുനർ നിർമ്മാണത്തിനായി ഈ മാസം ഒമ്പതു മുതൽ പൂർണമായും അടയ്ക്കും. നഗരത്തിൽ വ്യാപക ഗതാഗത പരിഷ്കാരവും നടപ്പാക്കും.

പട്ടാമ്പി, കൊപ്പം, ഷൊർണുർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ ചോലയിൽ ഫാൻസി മുതൽ എ.കെ.ജി റോഡു വരെ യാത്രക്കാരെ ഇറക്കി പുതിയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. പുതിയ സ്റ്റാൻ്റിൽ നിന്നും പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നും ആളുകളെ കയറ്റി യാത്ര തുടരണം.

പെരിന്തൽമണ്ണ, പാലക്കാട്, മണ്ണാർക്കാട് ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ കയറി യാത്രക്കാരെ ഇറക്കിയശേഷം പഴയ സ്റ്റാൻഡിൻ്റെ മുൻവശത്തും ആളുകളെയിറക്കി ഗായത്രി ബാറിന് സമീപം റോഡരികിൽ പാർക്ക് ചെയ്യണം. മടങ്ങുമ്പോൾ ടൗണിൽനിന്നും പുതിയ സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ കയറ്റണം.

ഒറ്റപ്പാലം ഭാഗത്തുനിന്നുള്ള ബസുകൾ പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ യാത്രക്കാരെ ഇറക്കി മിഥില ബാർ ഭാഗത്ത് പാർക്ക് ചെയ്യണം. മടങ്ങുമ്പോൾ ഒറ്റപ്പാലം റോഡിൽ നിന്ന് യാത്രക്കാരെ കയറ്റാം. ടൂവീലറുകൾ പഴയ ഉടുപ്പി ഹോട്ടൽ മുതൽ കോ-ഓപ്പറേറ്റീവ് ആശുപത്രി വരെയുള്ള റോഡിൻ്റെ ഇടതുവശത്തും കള്ളുഷാപ്പ് മുതൽ കേരള ബാങ്ക് വരെ റോഡിൻ്റെ വലതു വശത്തും പാർക്ക് ചെയ്യാം.

ടാക്സികൾ പഴയ പെട്രോൾ പമ്പ് പരിസരത്ത് പാർക്ക് ചെയ്യണം. ടെമ്പോ ട്രാവലറുകൾ പുലാതറക്കൽ ജ്വല്ലറി മുതൽ കള്ളുഷാപ്പ് വരെ പാർക്ക് ചെയ്യാം. മറ്റു വാഹനങ്ങൾ കോ-ഓപ്പറേറ്റീവ് ആശുപത്രി മുതൽ സർവീസ് ബാങ്ക് വരെ പാർക്ക് ചെയ്യാം. ഇ.എം.എസ് റോഡ് മുതൽ ഹൈസ്കൂൾ റോഡ് ജങ്ഷൻ വരെ വാഹന പാർക്കിങ്ങില്ല.

പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് മീനാംബിക ഹോട്ടലിനു സമീപം പുതിയ ഓട്ടോ സ്റ്റാൻ്റ് വരും. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം