ജീവിത വൈരുദ്ധ്യങ്ങളെ സമന്വയിപ്പിച്ച കഥാകാരനായിരുന്നു നന്തനാരെന്ന് സാഹിത്യകാരൻ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ജീവിതാഭിരതിയും മൃത്യുപാസനയും ഒരേ സമയം നന്തനാരിൽ നിലകൊണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
അങ്ങാടിപ്പുറം വള്ളുവനാടൻ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ നന്തനാർ സാഹിത്യ പുരസ്‌കാരം കൈമാറി സംസാരിക്കുകയായിരുന്നു കെ.പി രാമനുണ്ണി. റിട്ട.ലഫ്റ്റനൻ്റ് കേണൽ സോണിയ ചെറിയാൻ്റെ സ്‌നോ ലോട്ടസ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.
അങ്ങാടിപ്പുറം സർവീസ് സഹകരണ ബാങ്ക് നൽകിയ 20,000 രൂപയുടെ ക്യാഷ് അവാർഡ് രാമച്ചത്ത് സേതുമാധവൻ കൈമാറി. സാംസ്കാരിക വേദി ചെയർമാൻ അഡ്വ.പി.എ നിഷാദ് അധ്യക്ഷനായി.
ഡോ.എൻ.പി വിജയകൃഷ്ണൻ പുരസ്‌കാര പ്രഖ്യാപനവും ഡോ.പി.ഗീത ശതാബ്ദി ആഘോഷ പ്രഖ്യാപനവും, പി.എസ് വിജയകുമാർ പുസ്‌തക പരിചയവും നിർവ്വഹിച്ചു. വി.കെ വേണുഗോപാലൻ, കെ.കൃഷ്ണൻകുട്ടി എന്നിവരെ സജിത്ത് പെരിന്തൽമണ്ണ അനുസ്മരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ കെ.ആർ രവി, കലാകാരൻ ബാപ്പു തട്ടാരക്കാട്, ചാർട്ടേഡ് അക്കൗണ്ടിംഗിൽ രണ്ടാം റാങ്ക് വിജയി ഫാത്തിമ ഷെഹ്‌സ എന്നിവരെ ആദരിച്ചു.
നജ്മ തബ്സീറ, സി.സുകമാരൻ, ഷബീർ കറുമുക്കിൽ, ധന്യ തൊട്ടത്ത്, യു.രവീന്ദ്രനാഥ്, എം.സുരേഷ് എന്നിവർ സംസാരിച്ചു. സാസ്‌കാരിക വേദി കോ-ഓർഡിനേറ്റർ രാജീവ് കാലടി സ്വാഗതവും പ്രശാന്ത് വള്ളുവനാടൻ നന്ദിയും പറഞ്ഞു.
