പ്രളയകാലത്ത് തകർച്ച സംഭവിച്ച തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ പാർശ്വഭിത്തി രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ വി.ടി. ബൽറാം എം.എൽ.എ പ്രദേശം സന്ദർശിച്ചു.
റിംഗ് ബണ്ട് നിർമ്മാണം, സംരക്ഷണ ഭിത്തിയുടെ പുനർനിർമ്മാണം, കോൺക്രീറ്റ് അടിത്തറ പുനരുദ്ധാരണം, ആപ്പ് സ്ട്രീം - ഡൗൺ സ്ട്രീം അടക്കമുള്ള പണികളാണ് പുരോഗമിക്കുന്നത്.
മഴക്കാലത്തിനു മുമ്പായി കോൺക്രീറ്റ് അടിത്തറ പ്രവർത്തി പൂർത്തികരിക്കണമെന്നും, മറ്റു പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.
യജ്ഞേശ്വരം അമ്പലത്തിൽ ബലിയിടൽ കർമ്മങ്ങൾക്കായി പുഴയിലേക്ക് ഇറങ്ങുന്നതിനുള്ള പടവുകളുടെ കാര്യവും എം.എൽ.എ ഓർമിപ്പിച്ചു.
2018-19 വർഷങ്ങളിലാണ് പാർശ്വഭിത്തി തകർന്നത്. 2020 ലാണ് നവീകരണ പ്രവർത്തിക്ക് ഫണ്ട് അനുവദിച്ചതെന്നും എന്നാൽ പിന്നീടുള്ള അഞ്ച് വർഷം ഒന്നും നടക്കാതെ അവസാന സമയത്ത് പ്രവർത്തി തുടങ്ങുകയാണ് ഉണ്ടായതെന്നും ബൽറാം പറഞ്ഞു.
ജലസേചന വിഭാഗം ചമ്രവട്ടം പ്രൊജക്റ്റ് തൃത്താല സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ വി.എച്ച് ഹരിത, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയന്തി വിജയകുമാർ, പരുതൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും പഞ്ചായത്തംഗവുമായ എ.പി.എം സക്കറിയ, പട്ടിത്തറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വിനോദ്, തൃത്താല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പത്തിൽ അലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ദിവ്യ, യു.ടി താഹിർ, പഞ്ചായത്തംഗം ഷബ്‌ന നിഷാദ്, പി.വി മുഹമ്മദ്‌അലി, ടി.കെ ചേക്കുട്ടി, എം.മണികണ്ഠൻ, എസ്.ടി നിസാർ എന്നിവർ സംബന്ധിച്ചു.

