പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. 

തിരുവല്ല സ്വദേശിയായ ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.

കോതമംഗലത്തെ ദന്തൽ കോളേജിലെ ഒൻപതംഗ വിദ്യാർഥി സംഘമാണ് വടാട്ടുപാറയ്ക്ക് സമീപമുള്ള പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ, മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഒഴുക്കിൽപ്പെട്ട മൂന്ന് പേരെയും കണ്ടെത്താനായത്. വിദ്യാർഥികളെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അടിത്തട്ടിലെ മണലിൽ കാൽ താഴുന്നതും അടിയൊഴുക്കിൽപ്പെടുന്നതും അപകടത്തിന് കാരണമാണ്. ചുഴിയും അടിയൊഴുക്കും ഇവിടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്ന കാര്യം പുറമെ നിന്ന് വരുന്നവർ കാര്യമാക്കാറില്ല.

വനമേഖലയിലൂടെ ഒഴുകുന്ന ഈ പുഴയിൽ വലിയ കയങ്ങളും ആഴമുള്ള ഭാഗങ്ങളുമുണ്ടെന്നും ഇത് അപകട മേഖലയാണെന്നും മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളതാണ്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ പലപ്പോഴും ഇത് പാലിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.  രണ്ടാഴ്ച മുൻപും ഇതേ പുഴയുടെ അസമന്നൂർ ഭാഗത്ത് മൂന്ന് നഴ്സിങ് കോളേജ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.

ഞായറാഴ്ച അവധി ആഘോഷിക്കാനായി വടാട്ടുപാറ പലവൻ പുഴയിലെത്തിയതാണ് ഡെന്റൽ വിദ്യാർത്ഥികളുടെ സംഘം. ഇവരുടെ യാത്ര ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും.  ഒൻപതംഗ സംഘം കോളേജ് ഹോസ്റ്റലിൽ നിന്ന് യാത്ര തിരിച്ചത് ബൈക്കുകളിലായിരുന്നു. 

വടാട്ടുപാറ പലവൻപുഴയിൽ കുളിക്കാനിറങ്ങി മിനിറ്റുകൾക്കകം അപകടം സംഭവിച്ചു. മൂന്നുപേരുടെ മരണത്തിന് സാക്ഷികളാകേണ്ടി വന്ന ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളിപ്പോഴും

നടുക്കത്തിലാണ്. എം.ബി.എം.എം. അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ, മാർ തോമാ ചെറിയപള്ളി ട്രസ്റ്റി ബിനോയി മണ്ണഞ്ചരി എന്നിവരുടെ നേതൃത്വത്തിൽ മാനേജ്‌മെന്റ് പ്രതിനിധികൾ സംഭവ സ്ഥലത്തെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ.ബൈജു പോൾ കുര്യനും മറ്റ് അദ്ധ്യാപകരും വിദ്യാർത്ഥികളും മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള മാർ ബസേലിയോസ് ആശുപത്രിയിലെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൂന്നുപേരുടെയും മൃതദേഹങ്ങൾ കോളേജിൽ പൊതുദർശനത്തിന് വയ്ക്കും.

വടാട്ടുപാറ പലവൻപുഴയിൽ 2010ന് ശേഷം ഇതുവരെ ഇരുപതിലധികം പേർ മുങ്ങിമരിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ കണക്ക്. മിക്ക അപകടങ്ങളിലും ഒന്നിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അവധി ദിവസങ്ങളിലാണ് അപകടങ്ങളേറെയും സംഭവിക്കുന്നത്. പുറത്തു നിന്നുള്ളവരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. പ്രകൃതി ഭംഗിയാൽ ആകർഷിക്കപ്പെട്ടെത്തുന്ന സഞ്ചാരികൾ പുഴയിലെ അപകടാവസ്ഥ തിരിച്ചറിയാത്തതാണ് ദുരന്തങ്ങൾക്ക് കാരണം.

 അപകടങ്ങൾ പതിവായതോടെ ഗ്രാമപഞ്ചായത്തും വനംവകുപ്പും പുഴയിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശവുമായി മുന്നറിയിപ്പ് ബോർഡുകളും ഫെൻസിംഗും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവ അവഗണിച്ചും ആളുകൾ പുഴയിൽ ഇറങ്ങുന്നത് പതിവാണ്. ഇടമലയാറിൽ വൈദ്യുതി ഉൽപ്പാദനത്തിന്റെ തോതനുസരിച്ച് പുഴയിലെ ഒഴുക്കിലും ജലനിരപ്പിലും പെട്ടെന്ന് മാറ്റമുണ്ടാകാറുണ്ട്. ഒഴുക്കിന്റെ ശക്തി പെട്ടെന്ന് വർദ്ധിക്കുന്നത് പുഴയിലുള്ളവരെ അപകടത്തിലാക്കും. നീന്തൽ അറിയാത്തവർക്ക് ഇവിടം അതീവ അപകടകരമാണ്. തുടർച്ചയായുണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾ വടാട്ടുപാറ നിവാസികളെയും ദുഃഖത്തിലാഴ്ത്തുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം