മാതൃദിനത്തിൽ ബേബി അമ്മയെ ആദരിക്കാൻ നിയുക്ത എം.എൽ.എ വി.ടി.ബൽറാം ചാലിശ്ശേരിയിലെത്തി

നാല് തലമുറകളുടെ വാത്സല്യ നിറവിൽ ധന്യജീവിതം നയിക്കുന്ന ചാലിശ്ശേരി അങ്ങാടിയിലെ പുലിക്കോട്ടിൽ ബേബി അമ്മയെ ആദരിക്കാൻ മാതൃദിനത്തിൽ നിയുക്ത എം.എൽ.എ വി.ടി ബൽറാം എത്തിയത് കുടുംബത്തിന് ആഹ്ലാദമായി.

തൊണ്ണൂറ്റിമൂന്നാം വയസ്സിലും മക്കളെയും കൊച്ചുമക്കളെയും അവരുടെ പുതുതലമുറയെയും ഹൃദയത്തോട് ചേർത്ത് കുടുംബ സ്നേഹത്തിന്റെ തണലായി കഴിയുകയാണ് ബേബി അമ്മ. 

മാതൃദിന മധ്യാഹ്നത്തിലാണ് തൃത്താലയിലെ നിയുക്ത എം.എൽ.എ വി.ടി.ബൽറാം വീട്ടിലെത്തിയത്. കുടുംബാംഗങ്ങളും അയൽക്കാരും നാട്ടുകാരും ആ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. നാടിൻ്റെ പ്രിയ മുത്തശ്ശിയെ വി.ടി ബൽറാം പൊന്നാട അണിയിച്ച് ആദരിച്ചു.

കാലം എത്ര മാറിയാലും അമ്മമാരുടെ സ്നേഹത്തിന് പ്രായമില്ലെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ആ നിമിഷങ്ങൾ. ബന്ധങ്ങൾ പലപ്പോഴും അകലങ്ങളിലേക്ക് വഴുതിപ്പോകുന്ന സമകാലിക കാലഘട്ടത്തിൽ, നാല് തലമുറകളെ ഒരേ സ്നേഹച്ചുവരിനുള്ളിൽ ചേർത്തുനിർത്തുന്ന ബേബി അമ്മയുടെ ജീവിതം പുതുതലമുറയ്ക്ക് വലിയൊരു പാഠമാണെന്ന് എം.എൽ.എ പറഞ്ഞു.

ജീവിതത്തിൽ ഒരമ്മയേയും മറക്കാൻ കഴിയില്ല. മാതൃത്വത്തിന്റെ മഹത്വവും കുടുംബ ബന്ധങ്ങളുടെ ശക്തിയും ഓർമ്മിപ്പിക്കുന്ന ജീവിതമാണ് ബേബി അമ്മയുടേത്  എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാർക്കും അദ്ദേഹം ആശംസകളും നേർന്നു. സി.വി.മണികണ്ഠൻ, സലീം ചാലിശ്ശേരി, ജിജു ജേക്കബ്, റോഷിത് തമ്പി, പ്രിൻസൺ ചേറു, റീസ പ്രകാശൻ, മോഹനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം