കഴിഞ്ഞ മാർച്ച് മാസത്തിൽ എടപ്പാൾ അമ്മ ലോട്ടറി ഏജൻസിയിൽ ജോലിക്ക് നിന്നിരുന്ന മധുര സ്വദേശിയായ ഗണേഷ് (37) ആണ് സമ്മാനാർഹമായ ഒന്നര ലക്ഷം രൂപയോളം വരുന്ന ലോട്ടറി ടിക്കറ്റുകളുമായി ഉടമയെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
ഈ ലോട്ടറി ടിക്കറ്റുകൾ തൃശ്ശൂരിനും കോട്ടയത്തിനും ഇടക്കുള്ള ഇരുപതോളം ഏജൻസികളിൽ ഏൽപ്പിച്ച് സമ്മാനത്തുകയായ ഒന്നര ലക്ഷത്തോളം രൂപ ഇയാൾ വാങ്ങിയിരുന്നു.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി കഴിഞ്ഞ ആറ് മാസത്തോളമായി വിവിധ ലോട്ടറി ഏജൻസികളിൽ ഇയാൾ ജോലി ചെയ്തു വരികയായിരുന്നു.
മധുര വിലാസമുള്ള ആധാർ കാർഡ് ആണ് ലോട്ടറി ഏജൻസിയിൽ ജോലിക്ക് വരുമ്പോൾ ഇയാൾ നൽകിയിരുന്നത്. മധുരയിൽ പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് വർഷങ്ങളായി ഇയാൾ അവിടെ താമസമില്ലെന്ന് മനസ്സിലായത്. ഇയാൾക്ക് അവിടെ ബന്ധുക്കൾ ഇല്ലാത്തതും അന്വേഷണത്തെ ബാധിച്ചു.
തുടർന്ന് തിരൂർ ഡി.വൈ.എസ്.പി എ.എം സിദ്ധീഖിൻ്റെ നിർദ്ദേശ പ്രകാരം തിരൂർ ഡാൻസാഫ് ടീം ശാസ്ത്രീയമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തി.
ലോട്ടറി സമ്മാന ടിക്കറ്റ് മോഷണം നടത്തിയതിനു ശേഷം കോട്ടയം, മൂന്നാർ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം ഗണേഷ് ഉല്ലാസ യാത്ര പോയതായി കണ്ടെത്തി.
പോലീസ് അന്വേഷണത്തെ പറ്റി സുഹൃത്തുക്കളിൽ നിന്ന് സൂചന കിട്ടിയതോടെ ഇയാൾ തമിഴ്നാട്ടിലേക്ക് പോയി. മൊബൈൽ നമ്പറുകൾ ഒഴിവാക്കി കോവൈ, കാഞ്ചിപുരം, ചെന്നൈ, ബാംഗ്ലൂർ, ഗാന്ധിനഗർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം കോവൈ പീളമേടിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടയിലാണ് ഇപ്പോൾ കുടുങ്ങിയത്.
