തമിഴ്നാട്ടിൽ വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചു; ജോത്സ്യനെ ഉപദേശകനായി നിയമിച്ച നടപടി റദ്ദാക്കി

തമിഴ്‌നാട് നിയമസഭയിൽ ടി.വി.കെ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചു. മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. 

അംഗങ്ങളുടെ വോട്ടെണ്ണൽ നടപടിക്രമങ്ങൾക്കനുസൃതമായി വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കർ പ്രഖ്യാപിച്ചിരുന്നു. ഇടവേളയിൽ പുറത്തുപോയ അംഗങ്ങളെ സഭയിലേക്ക് ക്ഷണിക്കാൻ മൂന്ന് തവണ മണി മുഴക്കി. തുടർന്ന് സഭയുടെ എല്ലാ പ്രവേശന കവാടങ്ങളും അടയ്ക്കാൻ സ്പീക്കർ  ഉത്തരവിട്ടു. വാതിലുകൾ അടച്ചതിനുശേഷമാണ് വോട്ടെടുപ്പ് നടത്തിയത്.

144 എം.എൽ.എമാർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 22 എം.എൽ.എമാർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. 5 എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തുടർന്ന് പ്രമേയം വിജയിച്ചതായി സ്പീക്കർ പ്രഖ്യാപിച്ചു. വോട്ടെടുപ്പിനിടെ ഡി.എം.കെ എം.എൽ.എമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

108 എം.എൽ.എമാർ മാത്രമുണ്ടായിരുന്ന ടി.വി.കെയ്ക്ക് മന്ത്രിസഭ രൂപീകരിക്കാൻ ഏറെ ക്ലേശിക്കേണ്ടി വന്നിരുന്നു. ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്ന കോൺഗ്രസ്, സി.പി.ഐ, സി.പി.ഐ.എം, മുസ്ലീം ലീഗ്, പി.എം.കെ കക്ഷികളുടെ പിന്തുണയോടെയാണ് 120 അംഗങ്ങളായത്.

വിശ്വാസ വോട്ടെടുപ്പിൽ എ.ഐ.ഡി.എം.കെ യിലെ 26 എം.എൽ.എ മാരുടെ പിന്തുണ ലഭിച്ചതോടെ ഭൂരിപക്ഷം 144ആയി ഉയർന്നു.

അതിനിടെ തമിഴ്‌നാട്ടിൽ ടി.വി.കെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (പൊളിറ്റിക്കൽ) ആയി നിയമിച്ച ഉത്തരവ് റദ്ദാക്കി. 

ഈ നിയമനം വ്യാപക വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി വിജയ് നിയമനം റദ്ദാക്കിയത്.

രാഷ്ട്രീയക്കാരുടെയും താരങ്ങളുടെയും ജോത്സ്യൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാധൻ പണ്ഡിറ്റ്, 180 സീറ്റോടെ ടി.വി.കെ അധികാരത്തിലെത്തുമെന്ന് ജനുവരിയിൽ പ്രവചിച്ചിരുന്നു.  ഏപ്രിലിൽ ഇത് 150 സീറ്റോടെ എന്ന് തിരുത്തിപ്പറഞ്ഞു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ അടക്കം നിരവധി രാഷ്ട്രീയക്കാരുടെയും ജോത്സ്യനാണിയാൾ.

ശാസ്ത്രീയ മനോഭാവം വളർത്തുക എന്നത് സർക്കാരിന്റെ കടമയാണെന്നും, ജോത്സ്യനായ ഒരാളെ സർക്കാർ ചിലവിൽ ഉദ്യോഗസ്ഥനായി നിയമിക്കരുതെന്നും ഭരണത്തെ പിന്തുണക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. വിമർശനം ശക്തമായതോടെയാണ് തിരുത്തൽ നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം