ഇന്ദിരാ ഗ്യാരൻ്റിയിൽ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യ യാത്ര 'പ്രിയദര്‍ശിനി' എന്ന പേരിലാണ് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും യാത്രാസൗകര്യം ലഭിക്കും. ഉപാധികളില്ലാതെ നടപ്പിലാക്കുന്ന സൗജന്യയാത്ര പദ്ധതിയാണിത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം.
പ്രതിമാസം 70 കോടി രൂപ വരെ സര്‍ക്കാരിന് ബാധ്യത വരുത്തുന്നതാണ് പദ്ധതി. സൗജന്യ യാത്ര മൂലം കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് 1500 കോടിയോളം രൂപ പ്രതിവര്‍ഷം നല്‍കുന്നുണ്ട്. ഇതിന് പുറമെയാകും പദ്ധതി നടത്തിപ്പിനുള്ള 800 കോടി രൂപയും നല്‍കുക. മലബാറില്‍ ഓര്‍ഡിനറി ബസുകള്‍ കുറവാണെന്നത് വസ്തുതയാണ്. കാര്യങ്ങള്‍ വിലയിരുത്തിയത് ശേഷം ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എം ശ്രീയില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കഴിഞ്ഞ സര്‍ക്കാര്‍ മന്ത്രിസഭ അറിയാതെയാണ് പദ്ധതിയില്‍ ഒപ്പുവച്ചതെന്നും ആരോപിച്ചു. ബി.അശോകിന്‍റെ നിയമനത്തിനെതിരായ വിമര്‍ശനങ്ങളെയും മുഖ്യമന്ത്രി തള്ളി. രാഷ്ട്രീയം നോക്കിയല്ല നിയമനമെന്നും കേരളത്തില്‍ ഐ.എ.എസുകാരുടെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റിലെ മാധ്യമ നിയന്ത്രണം പരിശോധിക്കും. മാധ്യമങ്ങളെ വിലക്കിയ ഉത്തരവ് നിലവിലുണ്ടെന്നും ആ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിസെപ് പദ്ധതി പുനഃപരിശോധിക്കുമെന്നും അതിവേഗ റെയിലില്‍ പഠിച്ച ശേഷമേ തീരുമാനം കൈക്കൊള്ളുകയുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു. ഇ.ശ്രീധരന്‍ അത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചുവെന്നും അതില്‍ പഠിക്കാന്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അദാനിയുമായി തനിക്ക് ബന്ധമില്ലെന്നും ഗോവിന്ദന്‍ മാഷിന് മറുപടി പറയാനില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, ആര്യാടന്‍റെ ബന്ധുവുമായാണ് താന്‍ കൂടിക്കാഴ്ച നടത്തിയതെന്നും വിശദീകരിച്ചു.
