ജനവാസ മേഖലയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വനമേഖലയിലേക്ക് വിട്ടയച്ചു.

മലയാറ്റൂർ ഡിവിഷനിലെ കോടനാട് റേഞ്ച്, മേയ്ക്കാപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഏതാനും ആഴ്ചകളായി ഭീതിപരത്തിയ മോഴയാനയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവച്ച് ചികിൽസ നൽകിയ ശേഷം കരിമ്പാനി വനമേഖലയിലേക്ക് തിരിച്ചുവിട്ടത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതിയോടെ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി.

വെറ്ററിനറി ഡോക്ടർമാരായ ഡോ. ബിനോയ് സി.ബാബു, ഡോ.ഒ.വി മിഥുൻ  എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം ആരംഭിച്ചത്. രാവിലെ ആദ്യ മയക്കുവെടി വച്ചെങ്കിലും ആന വനത്തിനുള്ളിലേക്ക് നീങ്ങി. തുടർന്ന് ഉച്ചക്ക് രണ്ടുതവണ വീണ്ടും മയക്കുവെടി വെച്ച് ആനയെ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി.

വെറ്ററിനറി ഡോക്ടർമാരുടെ സംഘം പരിശോധിച്ചപ്പോൾ ഇടതുവശത്തെ മുൻ നിരപ്പല്ലിൻ്റെ ഭാഗത്ത് ഗുരുതരമായ ക്ഷതം കണ്ടെത്തി. പരുക്ക് സ്ഫോടക വസ്തു കടിച്ചതുമൂലം ഉണ്ടായതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരുക്കേറ്റ ഭാഗം വൃത്തിയാക്കി അണുബാധ ഒഴിവാക്കുന്നതിനാവശ്യമായ ആൻ്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നൽകി ചികിൽസ പൂർത്തിയാക്കി. ഇന്നലെ വൈകിട്ട്  ആനയുടെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചു. റേഡിയോ കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നലുകൾ ഉപയോഗിച്ച് ആനയുടെ സഞ്ചാരം ഓരോ പത്ത് മിനിറ്റിലും നിരീക്ഷിക്കും.  ആന ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന സാഹചര്യം മുൻകൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാൻ ഇത് സഹായിക്കും.

ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ  എം.വെങ്കടേശ്വരൻ, കോടനാട് റേഞ്ച് ഓഫീസർ  ഇ.ബി ലുധീഷ്, തുണ്ടത്തിൽ റേഞ്ച് ഓഫീസർ നിഖിൽ ജേറോം, കുട്ടമ്പുഴ റേഞ്ച് ഓഫീസർ വി.പി മുരളീദാസ്, മേയ്ക്കാപ്പാല ഡെപ്യൂട്ടി റേഞ്ചർ ദിധീഷ്, ആർ.ആർ.ടി മലയാറ്റൂർ ഡെപ്യൂട്ടി റേഞ്ചർ അബിൻ, സെൻട്രൽ സർക്കിളിലെ കൺസർവേഷൻ ബയോളജിസ്റ്റ് സി.പി അർജുൻ, എൻ.ജി.ഒ പ്രതിനിധി ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം