പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് വിടവാങ്ങി

ഭാരതി രാജയ്ക്ക് പിറകെ ഭാഗ്യരാജും വിടവാങ്ങി. വൈവിധ്യമാർന്ന പ്രമേയങ്ങളിലൂടെ തമിഴ് സിനിമയെ ജനകീയമാക്കിയ നടനും സംവിധായകനുമായ  ഭാഗ്യരാജിൻ്റെ (73) മരണം ചെന്നൈയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

പ്രശസ്ത സംവിധായകൻ ഭാരതി രാജയുടെ വേർപ്പാടിൻ്റെ കനലടങ്ങും മുമ്പാണ് ഭാഗ്യരാജിന്റെ മരണവും. ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചവരാണ്. ഭാഗ്യരാജ് എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും 25ലധികം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ഭാഗ്യരാജ്. സമഗ്ര സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഹാസ്യം, കുടുംബ ബന്ധങ്ങൾ, പ്രണയം, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവ കോർത്തിണക്കുന്നതിൽ ഭാഗ്യരാജ് പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്നു. 

മധ്യവർഗ ജീവിതത്തെയും അവരുടെ ദൈനംദിന പ്രശ്നങ്ങളെയും ലളിതമായും എന്നാൽ രസകരമായും അവതരിപ്പിക്കുന്നതായിരുന്നു ഭാഗ്യരാജിന്റെ ശൈലി. ബുദ്ധിപരമായ തിരക്കഥകളും അവിസ്മരണീയമായ സംഭാഷണങ്ങളും അദ്ദേഹത്തിന്റെ സിനിമകളെ ജനപ്രിയമാക്കിയിരുന്നു. ഉർവശി നായികയായും ഭാഗ്യരാജ് നായകനായും തകർത്താടിയ 'മുന്താണൈ മുടിച്ച്' എക്കാലത്തേയും സൂപ്പർ ഹിറ്റാണ്.

1953 ജനുവരി 7ന് ജനിച്ച കൃഷ്ണസ്വാമി ഭാഗ്യരാജ് എന്ന കെ.ഭാഗ്യരാജ് തമിഴ് ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു സുവർണ്ണ കാലഘട്ടം സൃഷ്ടിച്ചാണ് തിരശീല വിട്ടത്. ജി. രാമകൃഷ്ണൻ, ഭാരതി രാജ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമയിലെ തുടക്കം. 

'16 വയതിനിലേ' (1977), 'കിഴക്കേ പോകും റെയിൽ', 'സിവപ്പ് റോജാക്കൾ' തുടങ്ങിയ ഭാരതിരാജ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൂടാതെ തിരക്കഥാ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു കൊണ്ടാണ് സാന്നിധ്യമുറപ്പിച്ചത്.

1979ൽ പുറത്തിറങ്ങിയ 'ചുവരില്ലാത ചിത്രങ്ങൾ' എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ഭാരതിരാജ സംവിധാനം ചെയ്ത‌ 'പുതിയ വാർപ്പുകൾ' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ആ ചിത്രത്തിന് മികച്ച സംഭാഷണ രചയിതാവിനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത പുരസ്ക‌ാരവും നേടി.

'മൗന ഗീതങ്ങൾ', 'അന്ത ഏഴ് നാൾകൾ', 'ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്', 'മുന്താണൈ മുടിച്ച്', 'ചിന്ന വീട്', 'എങ്ക ചിന്ന രാസ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം തമിഴ് സിനിമയ്ക്ക് സമ്മാനിച്ചു.

1983ൽ പുറത്തിറങ്ങിയ 'മുന്താണൈ മുടിച്ച്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ഫെയർ മികച്ച നടനുള്ള പുരസ്‌കാരം നേടി. 2014ൽ സൈമ (SIIMA) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു

സിനിമയ്ക്ക് പുറമെ എഴുത്തിലും രാഷ്ട്രീയത്തിലും ഭാഗ്യരാജ് കൈവച്ചിട്ടുണ്ട്. 1989 ഫെബ്രുവരിയിൽ 'എം.ജി.ആർ മക്കൾ മുന്നേറ്റ കഴകം' (MGR MMK) എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഈ പാർട്ടി 1991ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്‌ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നു. 

പിന്നീട് എ.ഐ.എ.ഡി.എം.കെ (AIADMK) യിലും, തുടർന്ന് 2006ൽ കരുണാനിധിയുടെ സാന്നിധ്യത്തിൽ ഡി.എം.കെ (DMK) യിലും ചേർന്ന അദ്ദേഹം ഒടുവിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി. 

അഭിനയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, സാധാരണക്കാരനായ ഒരു നായക സങ്കൽപ്പത്തെയാണ് വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

പ്രശസ്ത നടിയും മലയാളിയുമായ പൂർണ്ണിമ ജയറാം ആണ് അദ്ദേഹത്തിന്റെ ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്. 

തമിഴ് സിനിമയ്ക്ക് നവഭാവുകത്വം നൽകിയ ഭാരതിരാജയും ഭാഗ്യരാജും വിട പറഞ്ഞതോടെ തമിഴ് ചലച്ചിത്ര ലോകത്തിന് വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം