പട്ടാമ്പി നഗരസഭയെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുന്നതിനും ഹരിതകേരളം പദ്ധതിക്ക് കരുത്തു പകരുന്നതിനുമായി പട്ടാമ്പി നഗരസഭയും കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റും (KSWMP) സംയുക്തമായി പോലീസ് സ്റ്റേഷനിൽ നടപ്പിലാക്കുന്ന ബയോഗ്യാസ് പ്ലാന്റ് നിർമ്മാണം പൂർത്തിയായി.
പോലീസ് സേനയുടെ ആവശ്യപ്രകാരമാണ് 1.79 ലക്ഷം രൂപ ചെലവിട്ട് നഗരസഭ പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭാ വൈസ് ചെയർപേഴ്സൺ അസ്‌ന ഹനീഫയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ അധ്യക്ഷൻ ടി.പി ഷാജി, സി.ഐ ജിനീഷ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനൊപ്പം ശുദ്ധമായ ഗ്യാസ് ഉത്പാദിപ്പിക്കാൻ കഴിയുന്നു എന്നത് ബയോഗ്യാസ് പദ്ധതിയുടെ വലിയ നേട്ടമാണ്. KSWMPയുടെ സാങ്കേതിക സഹായത്തോടെ മികച്ച രീതിയിലാണ് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്. പരിസര ശുചിത്വവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാൻ നഗരസഭ പ്രതിജ്ഞാബദ്ധമാണെന്ന് ടി.പി ഷാജി പറഞ്ഞു.
നഗരസഭ സെക്രട്ടറി ഡോ. എസ്.അമൽ, നഗരസഭ സ്ഥിരം സമിതി അംഗങ്ങൾ, വിവിധ വാർഡ് കൗൺസിലർമാർ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം ജീവനക്കാർ, KSWMP പ്രതിനിധികൾ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

