അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന ചൊല്ലുപോലെ ഇതാ മറ്റൊരു ചൊല്ല് ! ഭാര്യയോട് പക പോക്കാൻ സ്വന്തം കാർ കത്തിച്ച ഭർത്താവാണ് പുതിയ ചൊല്ലിന് ഉടമ.
തിരുമിറ്റക്കോട് കറുകപുത്തൂരിൽ ഇന്നലെ രാത്രി കാറിന് തീ പിടിച്ച സംഭവത്തിലാണ് ട്വിസ്റ്റ്. ബൈക്കും കാറും ബസ്സും കത്തുന്ന വാർത്തകൾ പരിചിതമായ കൂട്ടത്തിൽ ഇതും അത്തരത്തിലാവാം എന്നാണ് നാട്ടുകാർ കരുതിയത്.
എന്നാൽ ചാലിശ്ശേരി പോലീസിൻ്റെ അന്വേഷണത്തിലാണ് വാഹനം താനേ കത്തിയതല്ലെന്നും ഉടമ തന്നെ കത്തിച്ചതാണെന്നും അറിവായത്. ഇതിനെ തുടർന്ന് വാഹന ഉടമയ്‌ക്കെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. എറണാകുളം സ്വദേശി താജുദ്ദീനെതിരെയാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്.
പിണങ്ങിപ്പോയ ഭാര്യയുമായുളള തര്‍ക്കത്തിനിടെ ഉണ്ടായ ദേഷ്യം തീര്‍ക്കാനാണ് കാറിന് തീയിട്ടതെന്നാണ് താജുദ്ദീന്‍ പൊലീസിന് നല്‍കിയ മൊഴി. പൊതുസ്ഥലത്ത് ആളുകളുടെ ജീവന് ഭീഷണി ഉണ്ടാവുന്ന തരത്തില്‍ വാഹനത്തിന് തീയിട്ടു എന്ന് കാണിച്ചാണ് വാഹന ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് തിരുമിറ്റക്കോട് കറുകപുത്തൂരില്‍ കാറിന് തീപിടിച്ചു എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ചാലിശ്ശേരി പൊലീസും പട്ടാമ്പിയില്‍ നിന്നുളള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയാണ് കാറിലെ തീ അണച്ചത്. വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വാഹന ഉടമയുമായി ബന്ധപ്പെട്ട് പൊലീസിന് സംശയമുണ്ടാകുന്നത്.
തുടര്‍ന്ന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കാറിന് തീയിട്ടത് താന്‍ തന്നെയാണെന്ന് താജുദ്ദീന്‍ പൊലീസിന് മൊഴി നല്‍കി. താജുദ്ദിൻ്റെ ഭാര്യ തിരുമിറ്റക്കോട് പ്രദേശത്ത് ജോലി ചെയ്ത് വരികയാണ്.
