മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് ദാരുണ സംഭവം നടന്നത്.
ഗൂഡല്ലൂർ സ്വദേശിയായ ചോലയിൽ അലി (ബാവ)യുടെ മക്കളായ നാലാം ക്ലാസ് വിദ്യാർഥി അഫിയ, മൂന്നാം ക്ലാസ് വിദ്യാർഥി അഫ്നാൻ എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബം ഇരിവേറ്റിയിലാണ് വർഷങ്ങളായി താമസം.
വ്യാഴാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം പുറത്തുപോയ കൂട്ടികൾ വൈകീട്ട് ആറു മണിയായിട്ടും തിരിച്ചെത്തിയിരുന്നില്ല. കുട്ടികളെ പരിസരത്തെങ്ങും കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി. ഒടുവിൽ ഇരിവേറ്റി വാട്ടർ അതോറിറ്റി ഓഫീസിന് സമീപത്തെ റോഡരികിലുള്ള കുളത്തിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
