ജീവത്യാഗം ചെയ്ത നാവികൻ്റെ സ്മരണാർത്ഥം നവീകരിച്ച ഗ്രാമീണ പാത നാടിന് സമർപ്പിച്ചു

സൗത്ത് തൃത്താലയിൽ നവീകരിച്ച 'നാവികൻ വിഷ്‌ണു നഗർ' റോഡ് നാടിന് സമർപ്പിച്ചു. തൃത്താല ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ജയന്തി വിജയകുമാറിൻ്റെ അധ്യക്ഷതയിൽ വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.

ജീവത്യാഗം ചെയ്ത നാവികൻ വിഷ്ണു ഉണ്ണിയുടെ സ്‌മരണാർത്ഥമാണ് ആടുവളവ്- പണ്ടാരക്കുണ്ട്റോ ഡിന് വിഷ്ണു നഗർ റോഡ് എന്ന് നാമകരണം ചെയ്തത്. ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു മേഴത്തൂർ സ്വദേശി പട്ടിക്കര വളപ്പിൽ വിഷ്ണു (24). 

2018 ൽ കൊച്ചി നേവൽ ബേസിൽ ജോലി ചെയ്യവേ വെണ്ടുരുത്തി പാലത്തിൽ നിന്നും ഒരു അമ്മയും കുഞ്ഞും കായലിൽ വീണതു കണ്ട ഉടൻ കായലിൽ, എടുത്തു ചാടി അവരെ അതി സാഹസികമായി രക്ഷപ്പെടുത്തുകയും അടിയൊഴുക്കിൽ പെട്ട് വിഷ്ണു മരണപ്പെട്ടതും കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു.  മരണാനന്തര ബഹുമതിയായി ജീവൻ രക്ഷാ പഥക്, നാവികസേനാ മെഡൽ എന്നിവ നൽകി രാജ്യം വിഷ്ണുവിനെ ആദരിച്ചിരുന്നു.

വിഷ്‌ണു നഗർ റോഡിന് വേണ്ടി ആത്മാർത്ഥമായി  പരിശ്രമിച്ച തൃത്താല പഞ്ചായത്ത് മെമ്പർ പത്തിൽ അലിയെയും, 173 മീറ്റർ റോഡ് സ്വന്തം ചെലവിൽ നിർമ്മിച്ചു നൽകിയ അധ്യാപകനായിരുന്ന പൗരത്തൊടിയിൽ അസീസ് മാസ്റ്ററുടെ കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു.

അഡ്വ.പി.ടി ഷാഹുൽ ഹമീദ്, കെ സുജാത, അനീസ് മാട്ടായ, പ്രിയ, പി.ടി മൊയ്തിൻ കുട്ടി,  പി.വി സുകുമാരൻ, രാമദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മധുര പലഹാര വിതരണവും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം