പട്ടി പിടുത്തക്കാരുടെ ക്ഷാമം തദ്ദേശ സ്ഥാപനങ്ങളുടെ ABC പദ്ധതിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ആക്രമണകാരികളായ പട്ടികളെ പിടികൂടുന്നതിന് ഉടൻ സാധിക്കാതെ വരുന്നത് പട്ടി പിടുത്തക്കാരുടെ കുറവ് മൂലമാണ്.
പട്ടികളെ ഷെൽട്ടറിലേക്ക് മാറ്റുന്നതിനും, വാക്സിനേഷൻ നൽകുന്നതിനും, വന്ധ്യംകരിക്കുന്നതിനും, അക്രമകാരികളായ പട്ടികളെ പിടികൂടി ഇല്ലാതാക്കുന്നതിനും, രോഗം ബാധിച്ച് റോഡിൽ അലയുന്ന പട്ടികളെ പിടിക്കാനും, അപകടത്തിൽ പെടുന്ന പട്ടികളെ പിടികൂടി ആശുപത്രിയിലാക്കാനും പരിശീലനം ലഭിച്ച പട്ടിപിടുത്തക്കാരുടെ കുറവ് വലിയ പ്രശ്നമായി നില നിൽക്കുകയാണ്.
ഒരു വാർഡിൽ ഒരാൾ എന്ന നിലക്കെങ്കിലും പട്ടിപിടുത്തക്കാരുടെ ആവശ്യം ഉണ്ടാകും. അക്രമകാരികളായ പട്ടികളെ പിടികൂടുന്നതിന് നിലവിൽ ഒരു പട്ടിക്ക് 1500 രൂപയും, വാക്സിനേഷൻ നൽകുന്നതിന് 500 രൂപയുമാണ് പ്രതിഫലം എന്നാണ് വിവരം. ഈ പ്രതിഫലത്തിന് ആള് വരാൻ തയ്യാറായില്ലെങ്കിൽ പ്രതിഫലം കൂട്ടി നൽകുന്ന കാര്യവും ആലോചിക്കണം.
നിലവിൽ പാലക്കാട്ട് നിന്നാണ് പട്ടിപിടുത്തക്കാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്ടിയെ പിടിക്കാൻ പോകുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ എത്തി, അവരുടെ വണ്ടി വാടകയും, ഭക്ഷണവും, താമസവുമൊക്കെയാവുമ്പോൾ 1500 രൂപ പ്രതിഫലം അപര്യാപ്തമാകും.
ആ 1500 രൂപ തന്നെ ലഭിക്കണമെങ്കിൽ ഫയലുകൾ ശരിയാക്കണം. തദ്ദേശ മൃഗസംരക്ഷണ വകുപ്പുകളുടെ ചുവപ്പ് നാടകളൊക്കെ അഴിച്ച് പണം അക്കൗണ്ടിൽ എത്തുമ്പോഴെക്കും ദിവസങ്ങൾ കഴിയും! പട്ടിയെ പിടിച്ചാൽ ഉടനെ പണം കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കണം.
അക്രമ സ്വഭാവം കാണിക്കുന്ന പട്ടികളെ ഉടനെ പിടികൂടി മാറ്റേണ്ടതുള്ളതുകൊണ്ട് പട്ടിപിടുത്തക്കാരെ സമയത്ത് കിട്ടാത്തത് തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പ്രതിസന്ധി തന്നെയാണ്. സ്കൂളുകൾ, ടൗണുകൾ മറ്റു പൊതുസ്ഥലങ്ങളിൽ നിന്ന് ഉൾപ്പടെ പട്ടികളെ പിടികൂടി ഒഴിപ്പിക്കണം എന്നൊക്കെയാണ് കോടതി പറഞ്ഞിട്ടുള്ളത്.
പക്ഷേ പട്ടി പിടുത്തക്കാരെ കിട്ടാത്തതുമൂലം പദ്ധതി അവതാളത്തിലാണ്. പേ പിടിച്ച പട്ടികളുടെ കടിയേറ്റ മറ്റു തെരുവ് പട്ടികൾക്ക് പ്രദേശമാകെ മാസ് വാക്സിനേഷൻ നൽകേണ്ടി വരും. ഈ സമയത്തും പട്ടിപിടുത്തക്കാരുടെ സേവനം അനിവാര്യമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വാർഡ് അടിസ്ഥാനത്തിൽ അക്രമകാരികളായ പട്ടികളെ പിടിക്കുന്നതിന് പരിശീലനം ലഭിച്ച ക്യാച്ചർമാരെ തയ്യാറാക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണം.
പാമ്പ് പിടുത്തത്തിന് ക്യാച്ചർമാരെ ഒരുക്കിയ വനം വകുപ്പിൻ്റെ സർപ്പ പദ്ധതി മാതൃകയാക്കാവുന്നതാണ്. ആക്രമണകാരികളായ പട്ടികളെ വലയിട്ട് പിടികൂടുന്നത് അത്യന്തം അപകടം പിടിച്ച പണിയായതുകൊണ്ട് പ്രതിഫല തുക കൂട്ടി നൽകുന്ന കാര്യത്തിലും തീരുമാനമുണ്ടാക്കണം.
മൃഗ സംരക്ഷണ വകുപ്പും, തദ്ദേശ വകുപ്പും കൈകോർത്തു കൊണ്ട് പട്ടിപിടുത്തക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കണം.
ടി.പി പ്രദീപ് കുമാർ, നഗരസഭ കൗൺസിലർ
