വയനാട് മേപ്പാടിയിൽ തുരങ്കപ്പാത നിർമ്മാണ സ്ഥലത്ത് മണ്ണിടിച്ചിലിൽ മൂന്ന് മരണം. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിയെന്ന് സംശയം.

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷി പാലത്തിനടുത്തുള്ള കുന്നിടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും പതിക്കുകയായിരുന്നു.  തൊഴിലാളികളും വാഹനങ്ങളും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വയനാട്ടിൽ ഇന്നലെ അതി തീവ്രമഴയാണ് രേഖപ്പെടുത്തിയിരുന്നത്.

മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. മണ്ണിടിച്ചലിൽ നിന്ന് രക്ഷപ്പെട്ടവർ മേപ്പാടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. 

ഹീരകുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് ഠാക്കൂർ (35), രജനീഷ് (27), തൻമയ് ഘോഷ് (28), ജയ (37), കുഞ്ചു (39), മേപ്പാടി എസ്.ഐ സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിലുള്ളത്.

കടുത്ത ആശങ്കയിലൂടെയാണ് വയനാട് കള്ളാടി മേഖല കടന്നുപോകുന്നത്. കനത്ത മഴയെ തുടർന്നാണ് വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിലുണ്ടായത്. പൈലിങ് ജോലികൾ നടക്കുന്നതിനിടെയാണ് മലയുടെ ഒരു ഭാഗം ഇടിഞ്ഞു വീണത്. ഈ അപകടം സ്വാഭാവികമായി ഉണ്ടായതല്ലെന്നും മനുഷ്യ നിര്‍മ്മിതമാണെന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. 

പുതുതായി നിർമ്മിക്കുന്ന തുരങ്കപ്പാത വയനാട്ടില്‍ വന്നു ചേരുന്ന സ്ഥലത്താണ് ഇപ്പോള്‍ അപകടമുണ്ടായത്. അപകട സമയത്ത് 35 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. കൂടുതൽ തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടുപോയിട്ടുണ്ട് എന്നാണ് സംശയം. കുന്നിന്റെ മുകളിൽ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചിയും പത്തോളം തൊഴിലാളികളും അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. 

നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിയിട്ട മണ്ണ് ഒഴുകിയിറങ്ങി എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടായിരുന്നു. അതിനെ നേരിടാനുള്ള മുൻകരുതലുകൾ കൈക്കൊണ്ടിരുന്നു. എന്നാൽ, കുന്നിടിഞ്ഞിറങ്ങും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. ചെറിയ പെട്ടിക്കടകളും ബസ് സ്റ്റോപ്പും ഉള്ള സ്ഥലമാണിത്. പതിവായി ആളുകള്‍ നില്‍ക്കുന്ന മേഖലയാണ്. അതുകൊണ്ടുതന്നെ എത്ര പേർ മണ്ണിന്നടിയിൽ പെട്ടു എന്ന് വ്യക്തമല്ല.

പെട്ടെന്ന് മണ്ണ് പൊട്ടിവീഴുകയായിരുന്നുവെന്നും വാഹനങ്ങൾ ദൂരേക്ക് ഒഴുകിപ്പോയെന്നും നാട്ടുകാര്‍ പറയുന്നു, തൊഴിലാളികളുടെ ബസ്, ജെസിബി ഉള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടു കാണുമെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

അഗ്നിരക്ഷാസേനയും എന്‍.ഡി.ആര്‍.എഫും നാട്ടുകാരുമാണ്  രക്ഷാപ്രവര്‍ത്തനായി മുന്നില്‍ നില്‍ക്കുന്നത്. തങ്ങളൊടൊപ്പമുള്ള പലരേയും കാണാനില്ലെന്ന് തൊഴിലാളികള്‍ പറയുന്നുണ്ട്. മണ്ണിടിച്ചിലിനു തൊട്ടുമുന്‍പാണ് ഒരു കെ.എസ്.ആര്‍.ടി.സി ബസ് ഈ വഴി കടന്നുപോയത്. 

നിർമ്മാണസ്ഥലത്തുണ്ടായിരുന്ന ഒരു തൊഴിലാളി ചെളിയിൽ പൂണ്ടുപോയെങ്കിലും കൂടെയുണ്ടായിരുന്നവർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ശക്തമായ മഴ പെയ്തതാണ് മണ്ണിടിച്ചിലിന് കാരണമായത്. കൂടുതൽ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് എത്തുമെന്നും അടിയന്തിര രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രദേശത്തെ ജനപ്രതിനിധി വ്യക്തമാക്കി. നാട്ടുകാരുടെ നേതൃത്വത്തിലും തിരച്ചിൽ പുരോഗമിക്കുകയാണ്.

കള്ളാടിയിലെ സ്ഥിതി  മുഖ്യമന്ത്രി വി.ഡി.സതീശന്‍ വിലയിരുത്തി.  മന്ത്രിമാരായ ടി.സിദ്ദിഖും എ.പി അനില്‍കുമാറും വയനാട്ടിലെത്തി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം