വാടാനാംകുറുശ്ശി പൊയ്‌ലൂരിൽ വീട്ടുമുറ്റത്തെ തെങ്ങിൻ ചുവട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
വീട്ടുടമ പൊയ്‌ലൂർ എ.എസ് നിലയത്തിൽ ജയന്തിയുടെ അമ്മാവൻ ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി പയ്യംകുളത്ത് വീട്ടിൽ ചന്ദ്രശേഖരൻ (74) ആണ് മരിച്ചതെന്ന് ഷൊർണൂർ പോലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാവിലെ ജയന്തിയുടെ വീടിനോട് ചേർന്നാണ് ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. വീടിൻ്റെ അരമതിലിൽ ഗുളികകളും കുറച്ചു രൂപയും ഉണ്ടായിരുന്നു.
മൃതദേഹം കത്തിക്കരിഞ്ഞതിനാൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ചന്ദ്രശേഖരന്റെ മകൻ വി.സി രമേശാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ജയന്തിക്കും അമ്മാവനുമിടയിൽ സ്വത്ത് തർക്കം നിലനിന്നിരുന്നുവെന്നും അതിന് പരിഹാരം കാണാത്ത നിരാശയിൽ ജയന്തിയുടെ വീട്ടിലെത്തി സ്വയം തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം.
ഓങ്ങല്ലൂരിലെ കുടുംബ സ്വത്തിന്റെ പേരിൽ ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതേ കാര്യത്തിന് ഒരാഴ്ച മുൻപ് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജയന്തി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ചന്ദ്രശേഖരൻ വർഷങ്ങളായി കർണാടകയിലാണ് താമസം. നാട്ടിൽ വരുമ്പോൾ പട്ടാമ്പിയിലെ ലോഡ്ജിലാണ് താമസിക്കുന്നത്. ഇത്തവണയും പട്ടാമ്പിയിൽ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ജയന്തിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. മക്കൾ രണ്ടുപേരും വിദേശത്താണ്. ഒരു മകൻ നാട്ടിലുണ്ടായിരുന്നെങ്കിലും നെല്ലായയിലെ ഭാര്യ വീട്ടിലായിരുന്നു. ചന്ദ്രശേഖരൻ തിങ്കളാഴ്ച രാത്രി ജയന്തിയുടെ വീട്ടിലെത്തിയെന്നും വാതിൽ തുറക്കാതായപ്പോൾ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. തീകൊളുത്തിയപ്പോൾ ജീവനുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതും ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചു. ആത്മഹത്യയെപ്പറ്റി ചന്ദ്രശേഖരൻ തന്റെ ഒരു സുഹൃത്തിനോട് തലേ ദിവസം ഫോണിൽ സംസാരിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആന്തരികാവയവങ്ങൾ ഉൾപ്പെടെ പൊള്ളലേറ്റതിനാൽ എന്ത് ഇന്ധനം ഉപയോഗിച്ചാണ് തീകൊളുത്തിയതെന്ന് പോലീസിന് വ്യക്തത ലഭ്യമായിട്ടില്ല. ഇതിനുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. വ്യക്തത വരുത്താൻ ഫോറൻസിക് സർജന്റെയുൾപ്പെടെ മൊഴി രേഖപ്പെടുത്തും.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഷൊർണൂർ ഡിവൈ.എസ്.പി ഷാജു കെ.ഏബ്രഹാം, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.വിജയകുമാർ, ഇൻസ്‌പെക്ടർ പി. വിഷ്ണു, എസ്.ഐ. കെ.പി അശ്വിൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


