തച്ചമ്പാറയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അഞ്ചു വർഷത്തിനു ശേഷം തിരിച്ചറിഞ്ഞു

മണ്ണാർക്കാട് തച്ചമ്പാറ റോഡരികിൽ 2021 ഫെബ്രുവരിയിലാണ് കത്തിക്കരിഞ്ഞ നിലയിൽ തിരിച്ചറിയാനാവാത്ത പുരുഷന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. 

അന്ന് കണ്ടെത്തിയ മൃതദേഹം അഞ്ചു വർഷത്തിനുശേഷം തിരിച്ചറിഞ്ഞു.  ഡി.എൻ.എ. പരിശോധനയിലൂടെയാണ് ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തൽ. മരിച്ചത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷാജഹാൻ (47) ആണെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.

ലോക്കൽ പോലീസ് രണ്ടുവർഷത്തോളം അന്വേഷണം നടത്തിയിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹത്തിൽ നിന്നെടുത്ത സാംപിളുകൾ ഡി.എൻ.എ. പരിശോധനയ്ക്ക് അയച്ചിരുന്നു. 

തമിഴ്‌നാട്ടിലും കേരളത്തിലുമായി കാണാതായ സമാന ശരീര പ്രകൃതിയുള്ളവരുടെ ബന്ധുക്കളിൽ നിന്നടക്കം ഒട്ടേറെ ഡി.എൻ.എ സാംപിളുകളുകൾ താരതമ്യം ചെയ്തു. ഒടുവിൽ കരുനാഗപ്പള്ളി പോലീസിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ ഷാജഹാന്റെ അടുത്ത ബന്ധുവിന്റെ സാംപിൾ തെളിവായി മാറി.

ഇതോടെ മൃതദേഹം ഷാജഹാന്റേതാണെന്നു തെളിയുകയായിരുന്നു. ഗൾഫിൽ നിന്ന് തിരിച്ചെത്തി നാട്ടിൽ വിവിധ തൊഴിൽ ചെയ്തു വന്നിരുന്ന ഷാജഹാനെ 2020 ഡിസംബർ മുതൽ കാണാതാവുകയായിരുന്നു.  

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഷാജഹാൻ എന്തിനാണ് തച്ചമ്പാറയിൽ എത്തിയതെന്നും ഇവിടെ ആരുമായാണ് ബന്ധമെന്നും കണ്ടെത്തേണ്ടതുണ്ട്. കൊല്ലപ്പെടാനിടയായ സാഹചര്യവും സംഭവത്തിൽ ആർക്കാണ് പങ്കെന്നും അറിയേണ്ടതുണ്ട്. ഇക്കാര്യമാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. മൃതദേഹം തിരിച്ചറിഞ്ഞതോടെ കൊലപാതകം സംബന്ധിച്ച കേസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാവുമെന്ന് ക്രൈം ബ്രാഞ്ച് സംഘം കരുതുന്നു.

ഷാജഹാനെക്കുറിച്ച് അറിയുന്നവരോ മുൻപരിചയമുള്ളവരോ ഇയാളുടെ ബന്ധങ്ങൾ അറിയുന്നവരോ പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ വിവരം അറിയിക്കണമെന്ന് അന്വേഷണ സംഘം പറഞ്ഞു. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ബന്ധപ്പെടേണ്ട വിലാസം: ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ (ഒന്ന്), ക്രൈംബ്രാഞ്ച്, പാലക്കാട്. ഫോൺ: 9495824357, 0491 2537071.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം