ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് ജില്ലയില്‍ ഒന്നാമത്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ്' ഐ.ടി ക്ലബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന- ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 

ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി. എ.കെ.എന്‍.എം.എം.എ. എം.എച്ച്.എസ് കാട്ടുകുളം, കെ.എച്ച്.എസ് മൂത്താന്തറ എന്നീ വിദ്യാലയങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

എ.ഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍ ജില്ലാതല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി ഡോ.ഡി.സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.

ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാ പത്രവും സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം