പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളി ജോസഫ് പരീക്ഷാ തിരക്കിലാണ്.

ഓർമ്മയില്ലേ ജോളി ജോസഫിനെ ? കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫ് ഇപ്പോൾ ജയിലിൽ ബിരുദ പരീക്ഷ എഴുതുകയാണ്.

കോഴിക്കോട് സബ് ജയിലില്‍ വിചാരണാ തടവുകാരിയായി കഴിയുന്ന ജോളി പരീക്ഷയ്ക്കായി  കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലിലെത്തി. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ജോളി. എട്ട് പേപ്പറുകളില്‍ ആറെണ്ണം എഴുതിക്കഴിഞ്ഞു. 

കേരളത്തെ നടുക്കിയ കൊലക്കേസുകളിലെ പ്രധാന പ്രതിയാണ് ജോളി. 14 വർഷത്തിനിടെ  കൂടത്തായിൽ ഒരു കുടുംബത്തിലെ ആറ് പേർക്കാണ് ജീവഹാനി സംഭവിച്ചത്. പ്രതി കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണെന്ന് ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്.  പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എൻ.ഐ.ടി പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെയാണ് കേട്ടത്. 

റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അധ്യാപിക അന്നമ്മ തോമസ് (58), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണ് കൊല്ലപ്പെട്ടത്.

ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് 2019  ജൂലൈയിലാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.  എന്നാൽ സ്വത്തു തർക്കമെന്ന നിഗമനത്തിൽ അന്വേഷണം ഇഴഞ്ഞു. ഇതിനിടെ കെ.ജി സൈമൺ റൂറൽ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റപ്പോൾ പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നായിരുന്നു ജീവൻ ജോർജിന്റെ അന്വേഷണ റിപ്പോർട്ട്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ.ഹരിദാസന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാൻ തീരുമാനിച്ചത്.

ഒക്ടോബർ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകൾ നീക്കിയതിന് പിന്നാലെ 2019 ഒക്ടോബർ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്. ജോളിക്ക് പിന്നാലെ  ഇവർക്കു സയനൈഡ് എത്തിച്ചു നൽകിയ ബന്ധു മഞ്ചാടിയിൽ എം.എസ്. മാത്യു, സ്വർണപ്പണിക്കാരനായ പ്രജികുമാർ എന്നിവരെയും അറസ്റ്റ് ചെയ്തു. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച  ഇ.മനോജ്കുമാർ, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഡ്വ.സി. വിജയകുമാർ എന്നിവരെ പിന്നീട് റോയ് തോമസ് വധക്കേസിൽ പ്രതി ചേർത്തു.

കൊല്ലപ്പെട്ട സിലിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. മറ്റ് അഞ്ച് കൊലപാതകങ്ങളിലും ജോളി തന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്മോർട്ടം നടത്താതെ സംസ്‌കരിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

ഏതായാലും പരീക്ഷ അവസാനിക്കുന്നതുവരെ കണ്ണൂര്‍ വനിതാ ജയിലില്‍ ജോളി തുടരും. ഇതിനു ശേഷം കോഴിക്കോടേക്ക് കൊണ്ടുപോകും. പ്രത്യേക സുരക്ഷയിലാണ് ജോളിയെ കണ്ണൂരിലെത്തിച്ചത്. നേരത്തെ പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത. ജോളിയെ കൂടാതെ സെന്‍ട്രല്‍ ജയിലിലെ മറ്റൊരു തടവുകാരനും ബി.എ ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്. 

സാക്ഷരതാ മിഷന്‍റെ തുല്യതാ പരീക്ഷയും ജയിലില്‍ നടക്കുന്നുണ്ട്. രണ്ടിലുമായി 35 പേരാണ് കണ്ണൂര്‍ ജയിലില്‍ ഇരുന്ന് പരീക്ഷ എഴുതുന്നത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും വിചാരണാ തടവുകാരായി കഴിയുന്നവര്‍ക്കും നല്ല പാതയിലേക്ക് മടങ്ങി വരാനുള്ള അവസരം കൂടിയാണ് പഠനവും പരീക്ഷയും. ജയിലിലെ ഉയര്‍ന്ന പഠന യോഗ്യതയുള്ളവരാണ് മറ്റു തടവുകാര്‍ക്ക് ക്ലാസെടുക്കുന്നത്. കൂടുതല്‍ തടവുകാര്‍ പഠനത്തിന് തയ്യാറാകുന്നുണ്ടെന്നാണ് വിവരം. ഇപ്പോള്‍ നടക്കുന്ന പരീക്ഷകള്‍ കഴിഞ്ഞാല്‍ എസ്.എന്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ ബി.എ, ബി.ബി.എ, എം.കോം,  പരീക്ഷകള്‍ക്കും തടവുകാര്‍ തയ്യാറെടുക്കുന്നുണ്ട്.

ജയില്‍ എന്നത് തടവില്‍ പാര്‍പ്പിക്കാനുള്ള ഇടം മാത്രമല്ല. പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ ഹോം എന്നാണ് ശരിയായ പ്രയോഗം. കുറ്റവാളികളെ ശിക്ഷാ കാലാവധി തീരും മുമ്പ് കുറ്റവാസന മാറ്റിയെടുത്ത് പുതിയ മനുഷ്യരായി സമൂഹത്തിലേക്ക് ഇറക്കാനുള്ള കേന്ദ്രമാണ് ജയിലുകള്‍. പല തടവുകാരും ജയിലില്‍ നല്ല നടപ്പിലൂടെ ശിക്ഷായിളവ് നേടി പുറത്തിറങ്ങാറുമുണ്ട്. കുറ്റവാളികളിൽ പലരും വീണ്ടും കുറ്റം ചെയ്യുന്നതും പതിവാണ്. അതിനിടക്ക് ചിലരെങ്കിലും നല്ല നടപ്പിലേക്ക് നീങ്ങും. പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ ഹോം എന്ന വാക്കിനെ അന്വര്‍ഥമാക്കുന്നത് ഇത്തരത്തിൽ മാനസാന്തരപ്പെടുന്നവരെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം