ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴയുടെ ഏഴാം വാർഷികവും റിവർ യൂത്ത് പാർലിമെന്റും ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജിൽ നടന്നു. ഒറ്റപ്പാലം എം.എൽ.എ കെ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
കൂറ്റനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺക്ലോ ടെക്നോളജീസ് പുതുക്കി പണിത ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴയുടെ വെബ്സൈറ്റ് എം.എൽ.എ പ്രകാശിപ്പിച്ചു.
തുടർന്ന് പുഴ സംരക്ഷണ വിഷയത്തിൽ വിപുലമായ ചർച്ച നടന്നു. ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴ ജനറൽ സെക്രട്ടറി വിനോദ് എം.നമ്പ്യാർ മോഡറേറ്റ് ചെയ്തു. ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴ ഖജാൻജി ഇ.എം ഉണ്ണികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.ബിന്ദു, മാനേജർ സുധാകരൻ മാസ്റ്റർ, എം.ബ്രഹ്മദത്തൻ നമ്പൂതിരി, തൃത്താല ചാപ്റ്റർ കോ-ഓർഡിനേറ്റർ സജിത്ത് പണിക്കർ എന്നിവർ സംസാരിച്ചു.
പരിപാടിയിൽ 17 കലാലയങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് 250 വിദ്യാർത്ഥികൾ ഞങ്ങൾക്കും പറയാനുണ്ട് എന്ന തീമിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പത്തോളം വിദ്യാലയങ്ങൾ, പുഴയുടെ സാമൂഹികവും, സാംസ്‌കാരികവും, പാരിസ്ഥിതികവുമായ വിഷയങ്ങൾ അവതരിപ്പിച്ചു. മറ്റു സ്കൂളുകൾ ഭാരതപ്പുഴ പ്രമേയമായ കവിതകൾ, നാടകങ്ങൾ, നൃത്തം എന്നിവ അവതരിപ്പിച്ചുകൊണ്ട് പരിപാടിക്ക് മിഴിവേകി.
തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴ പാഠശാല പദ്ധതി വിപുലീകരിക്കാനും, നിലവിലെ 40 സ്കൂളുകളിൽ നിന്ന് നൂറിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ യോഗം ചർച്ച ചെയ്തു.
വാട്ടർ മിഷൻ പാലക്കാട്, ഡി.പി.ആർ പദ്ധതികളിൽ പ്രാദേശിക സാന്നിദ്ധ്യം സംഘാടകർ അഭ്യർത്ഥിച്ചു. നിളയുടെ പത്രം - നിളാവൃത്താന്തം വിതരണം ചെയ്തു. ഈ വർഷവും വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തത്തോടെയാണ് റിവർ യൂത്ത് പാർലമെന്റ് സമാപിച്ചത്.
