കസാക്കിസ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് തൊടുത്തു വിട്ട റഷ്യയുടെ സോയൂസ് എം.എസ്-29 പേടകത്തിൽ ഒരു മലയാളിയും ബഹിരാകാശത്തേക്ക്. ഭൂമിയിൽ നിന്ന് കിലോമീറ്ററുകൾ അകലെ ബഹിരാകാശത്ത് ഇനിയുള്ള എട്ട് മാസം പാതി മലയാളിയായ ഡോ. അനിൽ മേനോൻ എന്ന 'താര'വും തിളങ്ങും.
മലയാളികൾക്ക് പ്രത്യേകിച്ച് പാലക്കാട്ടുകാർക്ക് അഭിമാനമാകുകയാണ് ഇന്ത്യൻ വംശജനും ഒറ്റപ്പാലം കുടുംബ ബന്ധങ്ങളുമുള്ള ഡോ. അനിൽ മേനോൻ. റഷ്യയുടെ സോയൂസ് എം.എ സ്-29 പേടകത്തിൽ ഫ്ലൈറ്റ് എൻജിനീയറായി ഇന്ന് രാത്രി 8.17ന് യാത്ര തിരിച്ച നാസയുടെ ബഹിരാകാശ സഞ്ചാരിയാണിദ്ദേഹം.
എട്ട് മാസം നീണ്ട ദൗത്യത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ മലയാളി എന്ന ചരിത്ര റെക്കോർഡും ഇദ്ദേഹം സ്വന്തമാക്കി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലും ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നിയമജ്ഞൻ ചേറ്റൂർ ശങ്കരൻ നായരുടെ പിന്മുറക്കാരനാണ് ഡോ.അനിൽ മേനോൻ. ചേറ്റുർ ശങ്കരൻ നായരുടെ മൂന്നാമത്തെ മകളായ പാലാട്ട് മാധവിയമ്മയുടെ മകൾ കിഴക്കേ പാലാട്ട് കല്യാണിക്കുട്ടിയമ്മയുടെ മകൻ ശങ്കരൻ മേനോൻ്റെ മകനാണ് ഡോ.അനിൽ മേനോൻ. ഒറ്റപ്പാലവുമായി അടുത്ത ബന്ധമുള്ള ശങ്കരൻ മേനോനും യുക്രൈൻ സ്വദേശിയായ ലിസയുമാണ് മാതാപിതാക്കൾ.
അമേരിക്കയിലെ മിനസോട്ടയിൽ ജനിച്ചുവളർന്ന അനിൽ മേനോൻ കുടുംബ സമേതം അവിടെയാണ് താമസിക്കുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യ അന്ന 2024ൽ പൊളാരിസ് ഡൗൺ ദൗത്യത്തിലൂടെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയ വ്യക്തിയാണ്. യു.എസ് വ്യോമസേനയിൽ ലെഫ്റ്റനന്റ് കേണലായും എമർജൻസി ഫിസിഷ്യനായും സേവനമനു ഷ്ഠിച്ചിട്ടുള്ള അനിൽ മേനോൻ 2020ലെ സ്പേസ് എക്സ് ദൗത്യത്തിൽ പ്രഥമ ഫ്ലൈറ്റ് സർജനായും പ്രവർത്തിച്ചിട്ടുണ്ട്.
ഹെയ്തി, നേപ്പാൾ ഭൂകമ്പ സമയങ്ങളിൽ രക്ഷാപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ഇന്ത്യയിൽ പോളിയോ നിർമാർജന പ്രവർത്തനങ്ങളിലും പങ്കാളിയായി. പുതിയ ബഹിരാകാശ ദൗത്യത്തിൽ ഗുരുത്വാകർഷണക്കുറവ് മനുഷ്യശരീരത്തെ ബാധിക്കുന്നത് തടയാനുള്ള അത്യാധുനിക എ.ഐ അധിഷ്ഠിത മെഡിക്കൽ പരീക്ഷണങ്ങൾക്കും സെമികണ്ടക്ടർ നിർമാണ ഗവേഷണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകും. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവർ സഹയാത്രികരാണ്.
നാളെ പുലർച്ചെ ഒന്നരയോടെ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ച ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐ.എസ്.എസ്) എക്സ്പെഡിഷൻ ടീമിന്റെ ഭാഗമാകും. അവിടെയുള്ള നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി, റോസ്കോസ്കോസ് യാത്രികർക്കൊപ്പം ചേർന്നായിരിക്കും പ്രവർത്തനം.
