മപ്പാട്ടുകര റെയിൽവേ അണ്ടർ ബ്രിഡ്ജ്: ടെൻഡർ നടപടികൾ പൂർത്തിയായെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ

കുലുക്കല്ലൂർ പഞ്ചായത്തിലെ കിഴക്കേ മപ്പാട്ടുകരയെയും പടിഞ്ഞാറെ മപ്പാട്ടുകരയെയും ബന്ധിപ്പിക്കുന്ന മപ്പാട്ടുകര റെയിൽവേ അണ്ടർ ബ്രിഡ്ജിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ പൂർത്തിയായതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. 

ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാതയിലാണ് അടിപ്പാതയുള്ളത്. നിലവിൽ റെയിൽവേ ടെൻഡർ ബോർഡിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

ഒരു ദേശത്തെ വിഭജിച്ചു കൊണ്ട് റെയിൽവേ ലൈൻ കടന്നു പോകുന്നതിനാൽ, നിലവിൽ ചെറിയ കാറുകൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന വീതി കുറഞ്ഞൊരു അടിപ്പാത മാത്രമാണ് ജനങ്ങൾക്ക് ആകെയുള്ള യാത്രാമാർഗ്ഗം. വലിയ വാഹനങ്ങൾക്ക് കൂടി ഗതാഗതം സാധ്യമാകുന്ന പാത നിർമ്മിക്കണമെന്നത് കുലുക്കല്ലൂരിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ദുരിതയാത്രക്ക് അറുതി കാണണമെന്ന മുറവിളിക്കും പഴക്കമുണ്ട്. 

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പ്രധാന ബജറ്റ് പദ്ധതികളിൽ ഒന്നായിരുന്നു ഇത്. പദ്ധതിക്കായി റെയിൽവേയിൽ നിന്ന് ആവശ്യമായ ഫണ്ട് ലഭ്യമാകാതിരുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാരിൽ നിന്ന് 6 കോടി രൂപ ബജറ്റിൽ വകയിരുത്താൻ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിലൂടെ സാധിച്ചിരുന്നു. 

2024-25 സംസ്ഥാന ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിന് സംസ്ഥാന സർക്കാർ നേരത്തെ ഭരണാനുമതി നൽകിയിരുന്നു. ഈ തുകയിൽ നിന്നും അടിപ്പാതയുടെ നിർമ്മാണത്തിനായി 4,24,25,605 രൂപ (നാല് കോടി ഇരുപത്തിനാല് ലക്ഷത്തി ഇരുപത്തയ്യായിരത്തി അറുന്നൂറ്റിയഞ്ച് രൂപ) കഴിഞ്ഞ വർഷം ഡിസംബർ 31ന് തന്നെ സതേൺ റെയിൽവേയ്ക്ക് സംസ്ഥാന സർക്കാർ കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ റെയിൽവേ  പൂർത്തിയാക്കി.

ഇതിനിടെ നിരക്കുകളിൽ വന്ന മാറ്റം കാരണം (DSR rate revision) പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 6.23 കോടി രൂപയായി ഉയർന്നിട്ടുണ്ട്. എന്നാൽ പുതുക്കിയ ഭരണാനുമതിക്കായി കാത്തു നിന്ന് പദ്ധതി വീണ്ടും വൈകിപ്പിക്കാതിരിക്കാൻ, നിലവിൽ അനുവദിച്ച തുകയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ബാക്കി വരുന്ന പ്രവൃത്തികൾക്ക് പിന്നീട് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കും.

പദ്ധതിയുടെ പ്രാരംഭ ഡിസൈൻ തയ്യാറാക്കുന്നതിന് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു. അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനായി മുൻ കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും എം.എൽ.എയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും സ്ഥലം വിട്ടുനൽകുകയും ചെയ്തു.

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായ സാഹചര്യത്തിൽ, ടെൻഡർ ബോർഡിന്റെ ഔദ്യോഗിക അനുമതി ലഭിച്ചാലുടൻ തന്നെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.


YouTube channel link...

https://youtu.be/27IkFsobAWs?si=tdqr8vLPV8tO-7mU


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം