ഡിജിറ്റൽ ലോകത്ത് സുരക്ഷിതരായി മുന്നേറേണ്ടതിന്റെ പ്രാധാന്യം ചെറുപ്പത്തിലേ കുട്ടികളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെ ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഷീന പി.ശങ്കർ ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികൾ തന്നെയാണ് സഹപാഠികൾക്ക് ക്ലാസുകൾ നയിച്ചത്. അംഗങ്ങളായ സഫ്‌ന, അക്സ, വൈഷ്ണവ്, ഷാൻ്റോ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ലാസുകളിൽ സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗം, ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയൽ, ശക്തമായ പാസ്‌വേഡുകളുടെ പ്രാധാന്യം, വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകി.
സ്കൂളിലെ എല്ലാ വിദ്യാർത്ഥികളിലേക്കും ഈ ബോധവത്കരണ പരിപാടി വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും തുടർന്ന് രക്ഷിതാക്കൾക്കായും സൈബർ സുരക്ഷാ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. സമാപനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗം സഫ്‌ന സഹപാഠികൾക്ക് സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർ സന്തോഷ് സ്വാഗതവും മെന്റർ സ്‌മിത നന്ദിയും പറഞ്ഞു.
