ഓങ്ങല്ലൂർ I വില്ലേജ് കെട്ടിട നിർമ്മാണം പൂർത്തിയാവുകയും പട്ടാമ്പി വില്ലേജ് ഓഫീസ് നിർദ്ദിഷ്ട റവന്യൂ ടവറിലേക്ക് മാറുകയും ചെയ്താൽ പട്ടാമ്പി നിയോജക മണ്ഡലത്തിലെ മുഴുവൻ ഓഫീസുകളും സ്മാർട്ടാവും.
പൊതു ജനങ്ങൾ ഏറെ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകൾ പരമാവധി സ്മാർട്ട് വില്ലേജ് ഓഫിസുകൾ ആക്കി മാറ്റുക എന്ന ബൃഹദ് പദ്ധതിയാണ് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്.
ഓങ്ങല്ലൂർ 1 വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫിസ് ആക്കി മാറ്റുന്നതിനുള്ള പ്രവർത്തികൾ പുരോഗമിച്ചു വരുന്നുണ്ട്. പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം മുഹമ്മദ് മുഹസിൻ എം.എൽ.എ സന്ദർശനം നടത്തി.
പട്ടാമ്പി മണ്ഡലത്തിലെ ശോചനീയാവസ്ഥയിലായിരുന്ന 7 വില്ലേജ് ഓഫീസുകൾ മുഹമ്മദ് മുഹസിൻ എം.എൽ.എ യുടെ ശ്രമഫലമായി നേരത്തെ തന്നെ സ്മാർട്ട് വില്ലേജുകൾ ആക്കി മാറ്റിയിട്ടുണ്ട്.
45 ലക്ഷം രൂപയാണ് ഓങ്ങല്ലുർ 1 വില്ലേജ് ഓഫീസ് നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. ഫ്രണ്ട് ഓഫിസ്, വില്ലേജ് ഓഫീസർ റൂം, ഓഫീസ് സ്റ്റാഫ് റൂം, ഡൈനിംഗ് ഏരിയ, 2 പബ്ലിക് ടോയ്ലറ്റ്, ഓഫീസ് സ്റ്റാഫുകൾക്ക് 1 ടോയ്‌ലറ്റ്, ഫർണിച്ചർ & ഇലക്ട്രിക് ഫിക്കേഷൻ തുടങ്ങിയവും ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹൗസിംഗ് ബോർഡിൻ്റെ മേൽനോട്ടത്തിൽ, പാലക്കാട് നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണത്തിൻ്റെ ചുമതല നൽകിയിട്ടുള്ളത്. കെട്ടിട നിർമ്മാണവും, അനുബന്ധ പ്രവർത്തികളും ഗുണ നിലവാരത്തോടെ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു.
പുതിയ റവന്യൂ ടവർ പൂർത്തിയാകുന്നതോടെ പട്ടാമ്പി വില്ലേജ് ഓഫീസ് ആ കെട്ടിടത്തിലേക്ക് മാറ്റപ്പെടും. ഇതോടെ സമ്പൂർണ സ്മാർട്ട് വില്ലേജ് ഓഫീസുകളുള്ള മണ്ഡലമായി പട്ടാമ്പി മാറും.
