റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ നിൽക്കാതെ തന്നെ യാത്രക്കാർക്ക് അധിക ലഗേജുകൾ ഇനി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. www.parcel.indianrail.gov.in വെബ് സൈറ്റ് വഴി യാത്രയുടെ വിവരങ്ങളും ലഗേജിന്റെ വിവരങ്ങളും രേഖപ്പെടുത്തിയാൽ ചരക്കുകൂലി അറിയാൻ സാധിക്കും.
ആദ്യം www.parcel.indianrail.gov.in ഔദ്യോഗിക റെയിൽവേ പാഴ്‌സൽ പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യുക. ഇതിനായി നിങ്ങളുടെ കൺഫേംഡ് ടിക്കറ്റും PNR വിവരങ്ങളും നൽകേണ്ടതുണ്ട്. തുടർന്ന് നിങ്ങളുടെ യാത്രാ വിവരങ്ങളും (തുടങ്ങുന്ന സ്ഥലം, ലക്ഷ്യസ്ഥാനം, ട്രെയിൻ നമ്പർ) അധിക ലഗേജിന്റെ കൃത്യമായ അളവുകളും നൽകുക. സിസ്റ്റം സ്വയം ഇതിനുള്ള ഏകദേശ ചാർജ് കണക്കാക്കി കാണിക്കും.
ശേഷം തയ്യാറാക്കിയ ഓൺലൈൻ ആപ്ലിക്കേഷന്റെ പ്രിൻ്റ് ഔട്ട് എടുക്കുക. യാത്ര ദിവസം സ്റ്റേഷനിലെ പാഴ്‌സൽ ഡെസ്കിൽ ഈ പ്രിന്റും ലഗേജും കാണിച്ച് ഭാരം ഒത്തു നോക്കേണ്ടതുണ്ട്. റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം കൗണ്ടറിൽ ബാക്കി തുക അടച്ച് ഔദ്യോഗിക ലഗേജ് റെസീപ്റ്റ് വാങ്ങുക . ഇതിനുശേഷം 'Track & Trace' ലിങ്ക് വഴി നിങ്ങളുടെ ലഗേജ് എവിടെയെത്തിയെന്ന് ഓൺലൈനായി നിരീക്ഷിക്കാം. ലഗേജ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ എസ്.എം.എസ് അറിയിപ്പും ലഭിക്കും.
ജനറൽ കോച്ചിലെ യാത്രക്കാർക്ക് 35 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. 70 കിലോഗ്രാം ചരക്കുകൂലി നൽകി കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോഗ്രാം വരെ സൗജന്യമായും 80 കിലോഗ്രാം വരെ ചരക്കുകൂലി നൽകിയും കൊണ്ടുപോകാം.
എസി 3-ടയർ / എസി ചെയർ കാർ കോച്ചിലെ യാത്രക്കാർക്കും 40 കിലോഗ്രാം വരെ സൗജന്യമായും 40 കിലോഗ്രാം വരെ അധിക തുക നൽകിയും കൊണ്ടുപോകാം.
ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ യാത്രക്കാർക്ക് 70 കിലോഗ്രാമാണ് സൗജന്യമായി കൊണ്ടുപോകാൻ കഴിയുക. 150 കിലോഗ്രാം വരെ ചരക്കുകൂലി നൽകി കൊണ്ടുപോകാം.
