കൊണ്ടുർക്കര നൂറുൽ ഹിദായ അൽബിർ സ്കൂളിൽ ഗ്രാൻ്റ് പേരന്റ്സ് സംഗമം ശ്രദ്ധേയമായി

കൊണ്ടുർക്കര നൂറുൽ ഹിദായ ഇസ്ലാമിക് സെന്ററിന് കീഴിലുള്ള അൽബിർ സ്കൂളിൽ കുട്ടികളുടെ ഉപ്പാപ്പ- ഉമ്മമ്മമാരുടെ (Grandparents) സംഗമം ഹൃദ്യാനുഭവമായി.  നിരവധി ഗ്രാൻ്റ് പേരന്റ്സ് പരിപാടിയിൽ പങ്കെടുത്തു. അവർ പഴയ ഓർമ്മകൾ പങ്കുവെച്ചത് വേറിട്ട അനുഭവമാക്കി.

വർഷങ്ങൾക്കുശേഷം വീണ്ടും ഒരു ക്ലാസ് മുറിയിൽ ഇരിക്കാനായതിന്റെ സന്തോഷവും വികാരവും പങ്കെടുത്തവർ വിവരിച്ചു. ഇന്നത്തെ നൂതന ക്ലാസ് മുറികളെയും തങ്ങളുടെ കാലത്തെ ഓത്തുപള്ളികളെയും താരതമ്യം ചെയ്തുള്ള അനുഭവങ്ങൾ കുട്ടികളിൽ കൗതുകമുണർത്തി. 

25 പൈസയ്ക്ക് പെൻസിലും ഒരു രൂപയ്ക്ക് പുസ്തകങ്ങളും വാങ്ങിയിരുന്ന കാലത്തെ ഓർമ്മകൾ നിദയുടെ ഉപ്പപ്പ കുഞ്ഞിമുഹമ്മദ്  പങ്കുവെച്ചപ്പോൾ കുട്ടികൾ അത്ഭുതത്തോടെയാണ് കേട്ടിരുന്നത്.

സ്കൂൾ അന്തരീക്ഷത്തിൽ സ്വന്തം ഉപ്പാപ്പമാരെയും ഉമ്മമ്മമാരെയും ഒപ്പമിരുത്തി സമയം ചെലവഴിക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് സന്തോഷവും അഭിമാനവും പകർന്നു. വർഷങ്ങൾക്കിപ്പുറം ഇത്തരമൊരു അനുഭവം പങ്കുവെക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ പല ഗ്രാൻഡ് പേരന്റ്സും വികാരഭരിതരായി. അധ്യാപികമാർക്കും അവർ നൽകിയ സ്നേഹവും ആശംസകളും ചടങ്ങിനെ കൂടുതൽ ഹൃദ്യമാക്കി.

സ്കൂളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഓർമ്മകളും വളർച്ചയുടെ ഘട്ടങ്ങളും ഹെൻസയുടെ ഉപ്പപ്പ അബൂബക്കർ പങ്കുവെച്ചു. തുടർന്ന് കുട്ടികളോടൊപ്പം വിവിധ കളികളിലും വിനോദ പരിപാടികളിലും ഗ്രാൻ്റ് പേരന്റ്സ് സജീവമായി പങ്കെടുത്തു. കുട്ടികൾ ഒരുക്കിയ സർപ്രൈസ് സമ്മാനങ്ങൾ ഏറ്റുവാങ്ങി സന്തോഷത്തോടെ അവർ മടങ്ങി.

ചടങ്ങിൽ പ്രിൻസിപ്പൽ ഒ.കെ ഹബീബ്, ഹെഡ് ടീച്ചർ ഷാഹിദ മുജീബ്, അധ്യാപികമാരായ സുഫൈറ, റുശ്ദ എന്നിവർ സംസാരിച്ചു. ചടങ്ങ് കുട്ടികൾക്കും ഗ്രാൻ്റ് പേരന്റ്സിനും ഒരുപോലെ മറക്കാനാവാത്ത അനുഭവമായി.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം