ആ സ്വരമാധുരി നിലച്ചു; തെന്നിന്ത്യയിലെ വാനമ്പാടി വിട വാങ്ങി

ആ സ്വരമാധുരി നിലച്ചു. പ്രശസ്ത ​ഭാവ ഗായിക എസ്.ജാനകി (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുട‍‌‌‌ർന്ന്  മൈസൂരുവിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെക്കാലം തലമുറകളെ താരാട്ടുപാടി ഉറക്കുകയും പ്രഭാത കീർത്തനങ്ങളിലൂടെ ഉണർത്തുകയും ചെയ്ത ഭാവ ഗായികയാണ് വിട വാങ്ങിയത്. 

നീണ്ട സംഗീത സപര്യയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ ഇരുപതിലധികം ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ എസ്.ജാനകി ആലപിച്ചിട്ടുണ്ട്.

ആയുർവേദ ഡോക്ടറും അധ്യാപകനുമായിരുന്ന സിസ്തല ശ്രീരാമമൂർത്തിയുടെയും സത്യവതിയുടെയും മകളായി 1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള രേപല്ലെയിലായിരുന്നു എസ്.ജാനകിയുടെ ജനനം. ശാസ്ത്രീയ സംഗീതത്തിൽ ഔപചാരികമായ വലിയ വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും പൈഡിസ്വാമി എന്ന നാദസ്വര വിദ്വാനിൽ നിന്ന് സംഗീതത്തിൻ്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു.

1957ൽ പുറത്തിറങ്ങിയ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജാനകി സം​ഗീത ലോകത്തേയ്ക്ക് കടന്നുവരുന്നത്. ടി.ചലപതി റാവു ഈണം നൽകിയ ഗാനം പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച ജാനകി, തെലുങ്കിലേയ്ക്കും ചേക്കേറി. 

1959ൽ വി.രാംപ്രസാദുമായി വിവാഹം. അദ്ദേഹത്തിൻ്റെ പിന്തുണ ജാനകിയുടെ സംഗീത ജീവിതത്തിന് വലിയ കരുത്താണ് നൽകിയത്.  കുട്ടികളുടെ ശബ്ദം മുതൽ പ്രായമായവരുടേത് വരെ അനായാസമായി കൈകാര്യം ചെയ്യാനുള്ള അപാരമായ കഴിവായിരുന്നു ജാനകിയെ മറ്റ് ഗായികമാരിൽ നിന്ന് വ്യത്യസ്തയാക്കിയത്. ഇളയരാജയുടെ സംഗീതത്തിൽ തമിഴിലും, എസ്.പി ബാലസുബ്രഹ്മണ്യത്തിനൊപ്പം തെലുങ്കിലും കന്നഡയിലും ജാനകി പാടിയ ഗാനങ്ങൾ കാലമെത്ര പിന്നിട്ടാലും സംഗീതാസ്വാദകരുടെ മനസിൽ മായാതെ നിലനിൽക്കുന്നവയാണ്.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം എസ്.ജാനകി 4 തവണ നേടിയിട്ടുണ്ട്. 1977ൽ പുറത്തിറങ്ങിയ 'പതിനാറു വയതിനിലെ ' എന്ന തമിഴ് ചിത്രത്തിലെ "ചെന്തൂരപ്പൂവേ", 1980ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ ഓപ്പോളിലെ "ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളിപ്പ്", 1984ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ സിതാരയിലെ "വെന്നെല്ലോ ഗോദാരി അന്തം" എന്ന ഗാനം, 1992ലെ തേവർ മകൻ എന്ന തമിഴ് ചിത്രത്തിലെ ഗാനം "ഇഞ്ചി ഇടുപ്പഴഗാ" എന്നിവയ്ക്കാണ് ജാനകിയെ തേടി ദേശീയ പുരസ്കാരങ്ങൾ എത്തിയത്.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സർക്കാരുകളുടെ മുപ്പതിലധികം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ജാനകി നേടിയിട്ടുണ്ട്. കേരള സംസ്ഥാന അവാർഡ് മാത്രം 11 തവണയാണ് ജാനകി സ്വന്തമാക്കിയത്. അതേ സമയം 2013ൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം, വൈകി വന്ന അംഗീകാരമെന്ന് ചൂണ്ടിക്കാട്ടി ജാനകി നിരസിച്ചത് വലിയ വാർത്തയായിരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകർക്കുവേണ്ടിയും ജാനകി പാടിയിട്ടുണ്ട്. എം.എസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ സ്വരമാധുരി മലയാളികൾക്ക് ഏറ്റവുമധികം അനുഭവ വേദ്യമായത്. തളിരിട്ട കിനാക്കൾതൻ (മൂടുപടം), അഞ്ജന കണ്ണെഴുതീ...(തച്ചോളി ഒതേനൻ), സൂര്യകാന്തീ..(കാട്ടുപൂവ്), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം.

മഞ്ഞണിപ്പൂനിലാവിൽ (നഗരമേ നന്ദി, സംഗീതം– കെ.രാഘവൻ), നിദ്രതൻ നീരാഴി (പകൽക്കിനാവ്, സംഗീതം ചിദംബരനാഥ്), ഇന്നലെ നീയൊരു സുന്ദര രാഗമായെൻ (സ്ത്രീ, സംഗീതം ദക്ഷിണമൂർത്തി), സന്ധ്യേ കണ്ണീരിതെന്തേ (മദനോത്സവം, സലീൽ ചൗധരി), ഉണരൂ വേഗം നീ (മൂടൽമഞ്ഞ്, ഉഷാഖന്ന), ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം, എം.എസ് വിശ്വനാഥൻ), ഇളം മഞ്ഞിൻ കുളിരുമായി (എന്നിഷ്ടം നിന്നിഷ്ടം, കണ്ണൂർ രാജൻ), മാനത്തിൻ മുറ്റത്ത് (കറുത്ത പൗർണമി, എം.കെ അർജുനൻ), ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ (കടൽ, എം.ബി ശ്രീനിവാസൻ), മഞ്ഞണിക്കൊമ്പിൽ (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ജെറി അമൽദേവ്), ഗോപികേ നിൻ വിരൽ (കാറ്റത്തെ കിളിക്കൂട്, ജോൺസൺ), തേനും വയമ്പും (തേനും വയമ്പും, രവീന്ദ്രൻ) മൈനാകം (തൃഷ്ണ, ശ്യാം) നാഥാ നീവരും കാലൊച്ച (ചാമരം, എം.ജി രാധാകൃഷ്ണൻ) തുടങ്ങിയ നൂറുകണക്കിന് അനശ്വര ഗാനങ്ങളിലൂടെ എസ്.ജാനകിയുടെ മാന്ത്രിക ശബ്ദം മലയാളികളുടെ ഹൃദയങ്ങളിൽ ഇനിയും അലയടിക്കും.

ഭർത്താവ് വി.രാമപ്രസാദ് 1990 ൽ മരണപ്പെട്ടു. ഏക മകൻ മുരളീകൃഷ്‌ണനും മരണപ്പെട്ടു. മരുമകൾ : ഉമ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം