ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. കണ്ണൂർ- മട്ടന്നൂർ അന്തർ സംസ്ഥാന പാതയിൽ ഇന്നലെ രാത്രിയാണ് അപകടം. നാലു പേർ തൽക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കണ്ണൂർ സ്വദേശി ഷാൻ സിറാജ്, കാഞ്ഞങ്ങാട് സ്വദേശി റിസ്‌വാൻ, ഹൈദരാബാദ് സ്വദേശി ഹർഷ്, ഉത്തർ പ്രദേശ് സ്വദേശി പരംഛേത്രി എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ലഭിച്ച പേഴ്‌സും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ പോലീസ് തിരിച്ചറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആദിത്യ കൃഷ്ണദേവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ കാറിന് തീപ്പിടിച്ചു. ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീകെടുത്തി. ഏറെ പണിപ്പെട്ടാണ് അഗ്‌നിരക്ഷാ സേനയും നാട്ടുകാരും പോലീസും ചേർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ച് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.
ഷാന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച ബംഗളൂരുവിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
