പാലക്കാട് കൊഴിഞ്ഞാമ്പാറ ആട്ടയാമ്പതിയിൽ കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ അയൽവാസികളായ രണ്ടു പേർ പിടിയിൽ.
ആട്ടയാമ്പതി സ്വദേശി സരസ്സമ്മാളിനെ (66)യാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. സംഭവത്തിൽ പ്രദേശവാസി 19കാരനായ ഉദയകുമാറും കൂട്ടുപ്രതിയായ പതിനേഴുകാരനുമാണ്ത മിഴ്നാട്ടിൽ നിന്ന് പൊലീസ് പിടിയിലായത്.
ജൂൺ 10 മുതൽ സരസാളിനെ കാണാതായതിനെ തുടർന്ന് ജൂൺ 12ന് മകൾ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു.
സരസാളിൻ്റെ ആഭരണങ്ങൾ മോഷ്‌ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
വയോധികയെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിൽ ഇട്ടു കത്തിക്കുകയും പകുതി കത്തിയ നിലയിൽ ചാക്കിൽ കെട്ടി കുഴിച്ചുമൂടിയതായും പ്രതികൾ സമ്മതിച്ചു.
വീട്ടിൽ തനിച്ച് താമസിക്കുന്ന സരസമ്മാളിൻ്റെ പക്കൽ രണ്ടു മൂക്കുത്തികൾ ഉണ്ടായിരുന്നു. ഇത് കൈക്കലാക്കാനാണ് കവർച്ചക്കെത്തിയതും കൊല ചെയ്തതെന്നും പ്രതികൾ മൊഴി നൽകി. ഉദയകുമാറിൻ്റെ വീടിൻ്റെ പിൻഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
