നിളയുടെ തീരവുമായി ബന്ധപ്പെട്ട അറബി സാഹിത്യകാരന്മാരും കലകളും മനുഷ്യരെ കൂട്ടി യോജിപ്പിച്ചുവെന്ന് പട്ടാമ്പി എം.ഇ.എസ് ആർട്‌സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.പി അബ്‌ദു പതിയിൽ അഭിപ്രായപ്പെട്ടു.
വാവനൂർ അഷ്ടാംഗം ആയൂർവ്വേദ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന പത്മശ്രീ പി.ആർ കൃഷ്ണകുമാർ പൈതൃക വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആറങ്ങോട്ടുകര വയലി നാട്ടറിവ് സംഘം, ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ എന്നിവയുടെ സഹകരണത്തോടെ നിളയുടെ നാട്ടുവഴികൾ എന്ന സംസ്കാര പഠന സമാഹരണ, പ്രചാരണ പദ്ധതിയുടെ ഭാഗമായി നടത്തിയ ചർച്ചയുടെ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നദീതടവുമായി ബന്ധപ്പെട്ട അറബി കലകൾ, കൊണ്ടും കൊടുത്തും മുന്നോട്ട് പോയവയാണ്. അധിനിവേശ ശക്തികൾക്കെതിരെ പോരാടാനും, തൊഴിലാളികൾക്ക് മാർഗ്ഗം കാട്ടാനും അറബി സാഹിത്യ കാരന്മാർ എന്നും മുന്നിൽ നിന്നിട്ടുണ്ട്.
സൈനുദ്ദീൻ മഖ്ദൂം, വെളിയങ്കോട് ഉമർ ഖാളി, സനാഉല്ല മക്തി തങ്ങൾ, മുഹമ്മദ് ഫലക്കി എന്നിവർ അറബി സാഹിത്യത്തിന് കനപ്പെട്ട സംഭാവനകൾ നൽകിയ നിളയുടെ തീരത്തെ മഹാരഥരാണെന്നും ഡോ. പി.അബ്ദു പറഞ്ഞു.
ഡോ.പ്രമോദ് ഇരുമ്പുഴി പ്രാദേശിക ഭാഷയെയും, ഭക്ഷണത്തെയും പരിചയപ്പെടുത്തി. മലയാളത്തിൽ പ്രചാരത്തിലുള്ള അറബി വാക്കുകളും, പദ പ്രയോഗങ്ങളും അവതരിപ്പിച്ചു. തുടർന്ന് പാരമ്പര്യ കെട്ടുപാട്ടുകളുടെ (മാപ്പിളപാട്ട്) പ്രചാരകനായിരുന്ന ആറങ്ങോട്ടുകര കുഞ്ഞുമുഹമ്മദ്, കാഞ്ഞിരശ്ശേരി വീരാൻകുട്ടി മുസ്ലിയാർ എന്നിവർ പഴയകാല മാപ്പിളപ്പാട്ട് പാരമ്പര്യത്തെ പരിചയപ്പെടുത്തി.
വരവൂർ തളിയിലെ പഴയ തലമുറയിലെ കലാകാരൻമാർ കോൽക്കളി, മാപ്പിള പാട്ടുകൾ അവതരിപ്പിച്ചു. സലാം ഒളാട്ടയിൽ പൊന്നാനി മക്ക എന്ന വിഷയത്തിൽ പാരമ്പര്യവും വിശേഷങ്ങളും അവതരിപ്പിച്ചു.
ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം.മഞ്ജുള, അഷ്ടാംഗം സെക്രട്ടറി ഉണ്ണി മങ്ങാട്ട് എന്നിവർ സംസാരിച്ചു. വയലി ഡയറക്ടർ വിനോദ് എം.നമ്പ്യാർ സ്വാഗതവും, എം.ഭാഗ്യനാഥ് നന്ദിയും പറഞ്ഞു.

