നിർമിത ബുദ്ധി പ്രയോഗിച്ച് കേന്ദ്രം; സംസ്ഥാനത്ത് മുൻഗണന റേഷൻ കാർഡിൽ നിന്നും 86,000 പേരെ ഒഴിവാക്കും.

ഉയർന്ന വരുമാനമുണ്ടായിട്ടും മുൻഗണനാ പട്ടികയിൽ തുടരുന്ന റേഷൻ ഗുണഭോക്താക്കൾക്ക് പിടി വീഴും. ഈ വർഷം ആദായ നികുതി റിട്ടേൺ സമർപ്പിച്ചവരിൽ നിന്ന് മൂന്ന് ലക്ഷത്തിന് മേൽ വരുമാനമുണ്ടെന്ന് കണ്ടെത്തിയത് 86,000 പേരെയാണ്. 

ഇവരുടെ മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡ് വിവരങ്ങൾ കണ്ടെത്തി കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുണ്ട്. കുടുംബത്തിൽ ഏതെങ്കിലും ഒരംഗം ആദായ നികുതി നൽകുന്നവരാണെങ്കിൽ മുൻഗണന പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്.

ഇതുപ്രകാരം, റേഷൻ കാർഡ് ഉടമകൾ കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ വിപണി വിലയുടെ പിഴ ഈടാക്കാനാണ് നിർദ്ദേശം. ഇതിന്റെ തുടർ നടപടികൾക്ക് താലൂക്ക് സപ്ലൈ ഓഫിസുകൾക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

പി.എം കിസാൻ പദ്ധതി പ്രകാരം സബ്സിഡി വാങ്ങിയ ഒരേക്കറിലധികം വസ്തുവുള്ളവരുടെയും വിവരങ്ങൾ കേന്ദ്ര സർക്കാർ ക്രോഡീകരിച്ചിട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെടുന്ന മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും പിടിവീഴും. 

പുതിയ കമ്പനി രൂപവൽക്കരണം, ജി.എസ്.ടി രജിസ്ട്രേഷൻ തുടങ്ങിയവക്ക് അപേക്ഷിക്കുന്ന മുൻഗണന കാർഡ് അംഗങ്ങളെയും കണ്ടെത്തി അനർഹരെ ഒഴിവാക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇവർ കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങൾക്കും പിഴ ഈടാക്കും. നിലവിലെ വിപണി നിരക്കനുസരിച്ച് അരിക്ക് കിലോഗ്രാമിന് 40 രൂപയും ഗോതമ്പിന് 29 രൂപയുമാണ് പിഴ ഈടാക്കുക.

എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കേന്ദ്ര സർക്കാർ അനർഹരെ കണ്ടെത്തിയത്.  പരിശോധന കർശനമാക്കിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ പേർ ഈ പട്ടികയിൽ ഉൾപ്പെട്ടേക്കാമെന്ന മുന്നറിയിപ്പും കേന്ദ്രം സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം